മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിട്ടു. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പഠിക്കുന്ന ബി.പി.എല്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ട്യൂഷന്‍ഫീസിന്റെ 90 ശതമാനം സ്‌കോളര്‍ഷിപ്പായി ലഭിക്കും. ഈ അധ്യയന വര്‍ഷത്തെ പ്രവേശനം പൂര്‍ത്തിയായാല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. വിദ്യാര്‍ഥികള്‍ കോളെജ് പ്രിന്‍സിപ്പല്‍മാര്‍ വഴി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഹൗസ് സര്‍ജന്‍സി സമയത്ത് സ്റ്റൈപന്‍ഡ് ലഭിക്കുന്നതിനാല്‍ അത് ഒഴിവാക്കിയുള്ള വര്‍ഷങ്ങളിലാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ എം.ബി.ബി.എസ്/ പോസ്റ്റ് ഗ്രാജുവേഷനു ശേഷം സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ ഏതിലെങ്കിലും രണ്ടു വര്‍ഷത്തെ നിര്‍ബന്ധിത സേവനം നടത്തണം. ഇതു സംബന്ധിച്ച ബോണ്ട് വിദ്യാര്‍ഥികള്‍ നല്‍കണം. ആദ്യവര്‍ഷം എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ ഫീസിനത്തില്‍ നല്‍കുന്ന തുകയില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ചാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. വരും വര്‍ഷങ്ങളില്‍ സംസ്ഥാന ബജറ്റില്‍ നിന്നുള്ള തുക, ലോട്ടറി വരുമാനം, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയില്‍ നിന്നുള്ള സംഭാവനകള്‍ എന്നിവ വകയിരുത്തും. പ്രവേശന പരീക്ഷാ കമ്മീഷണറാണ് തുക കൈകാര്യം ചെയ്യുക. അപേക്ഷകരില്‍ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും സ്‌കോളര്‍ഷിപ്പ് നല്‍കും. തുക ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ പരിശോധിച്ച് ജില്ലാ കലക്ടര്‍ക്കു കൈമാറുകയും കലക്ടര്‍ പരിശോധനയ്ക്കു ശേഷം അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നല്‍കും. തുടര്‍ന്ന് അഡ്മിഷന്‍ ആന്‍ഡ് ഫീ റഗുലേറ്ററി കമ്മിറ്റി ലിസ്റ്റ് അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നല്‍കും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ ക്രമക്കേടുണ്ടെങ്കില്‍ പരാതി നല്‍കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിവിധ വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയ്‌റ്റേജ് ലഭിക്കുന്നതാണ്. കാന്‍സര്‍, വൃക്കകളുടെ തകരാറ്, പക്ഷാഘാതം, എയ്ഡ്‌സ്, സ്ഥിരമായ കുഷ്ഠം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വകാര്യ മേഖലകളിലോ സ്ഥിരവരുമാനമില്ലാത്തവര്‍, കൂലിവേല, കര്‍ഷക തൊഴിലാളി, പരമ്പരാഗത മീന്‍പിടുത്തക്കാര്‍, പട്ടികവര്‍ഗം, കെട്ടിടനിര്‍മാണ സഹായി, മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, തയ്യല്‍ ജോലി, കയര്‍ തൊഴിലാളി, ചുമട്ടു-വര്‍ക്ക്‌ഷോപ്പ് തൊഴിലാളി, തട്ടുകട, പെട്ടിക്കട നടത്തുന്നവര്‍, തോട്ടം തൊഴിലാളി, വീട്ടുജോലി, കശുവണ്ടി തൊഴിലാളി, സ്വര്‍ണപണിക്കാര്‍, ബീഡി തൊഴിലാളി, തെങ്ങ്-പന കയറ്റ തൊഴിലാളി, ബാര്‍ബര്‍, ഇരുമ്പു പണിക്കാര്‍, നെയ്ത്, പച്ചക്കറി കച്ചവടം, സാധനങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്നവര്‍, ലോട്ടറി വില്പനക്കാര്‍, മത്സ്യസംസ്‌ക്കരണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍, വഴിയോര വാണിഭക്കാര്‍, കരകൗശല തൊഴിലാളികള്‍, മണ്‍പാത്ര നിര്‍മാണം, ഈറ, മുള, പനമ്പ് പണിക്കാര്‍, അലക്കുകാര്‍, ആശ്രയ ഗുണഭോക്താക്കള്‍ എന്നിവര്‍ക്കും വീട് വയ്ക്കുന്നതിന് ഭൂമിയില്ലാത്തവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, വൈദ്യുതി, വെള്ളം ലഭ്യമല്ലാത്തവര്‍ എന്നിവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.
പട്ടികവര്‍ഗക്കാര്‍ ഒഴികെ സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍, 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഉപജീവന മാര്‍ഗമല്ലാതെ സ്വന്തമായി നാല് ചക്ര വാഹനം ഉള്ളവര്‍, വിദേശജോലിയില്‍ നിന്നോ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നോ 25000 രൂപയില്‍ അധികം പ്രതിമാസ വരുമാനം ഉള്ളവര്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ല.
സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
Home /വിദ്യാഭ്യാസം/സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്