കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 100 പരാതികള്‍ പരിഗണിച്ചു, 20 എണ്ണം തീര്‍പ്പാക്കി. രണ്ട് പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 78 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. കഴിഞ്ഞ ദിവസം 22 പരാതികള്‍ തീര്‍പ്പാക്കിയിരുന്നു.

കുടുംബങ്ങളിലെ തുറന്നുപറച്ചിലുകള്‍ കുറഞ്ഞതിനാല്‍ മാനസിക സംഘര്‍ഷം നേരിടുന്ന ഒട്ടേറെ സ്ത്രീകള്‍ പരാതികളുമായി അദാലത്തില്‍ കൂടുതലായി എത്തിച്ചേരുന്നുണ്ടെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ഇത്തരക്കാര്‍ പലരും പരസ്പരവിരുദ്ധമായതും സാങ്കല്പികവുമായ പരാതികളുമായാണ് സമീപിക്കുന്നത്. ഇത്തരം പരാതികള്‍ ഗൗരവതരമായി കാണുന്നു എന്നും നിരീക്ഷിച്ചു.

സഹോദരങ്ങളുടെ അഭിപ്രായ വ്യത്യാസത്തിന് പ്രായമായ മാതാപിതാക്കളെ നിയമ സംവിധാനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന പ്രവണത നല്ലതല്ലെന്ന് കമ്മീഷന്‍ അംഗം എം. എസ്. താര പറഞ്ഞു. സഹോദരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 90 വയസ്സുള്ള അവശയായ അമ്മയുമായി മകന്‍ അദാലത്തിനെത്തിയ പശ്ചാത്തലത്തിലാണ്പരാമര്‍ശം. മകന് താക്കീത് നല്‍കി.

ദാമ്പത്യ പ്രശ്‌നങ്ങളും വഴി തര്‍ക്കങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെയുള്ള പരാതികളും പരിഗണിച്ചു. എസ്. ഐ അനിതാ റാണി, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.