മൂലത്തറ ആര്‍.ബി.സി കനാലിനായി സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍വെ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തില്‍ സര്‍വെ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്ക് എരുത്തേമ്പതി വില്ലേജ് ബ്ലോക്ക് നമ്പര്‍ 29ല്‍ 34 സര്‍വെ നമ്പറുകള്‍, ബ്ലോക്ക് നമ്പര്‍ 30 ല്‍ 61 സര്‍വെ നമ്പറുകള്‍, ബ്ലോക്ക് നമ്പര്‍ 31 ല്‍ 14 സര്‍വെ നമ്പറുകള്‍, കോഴിപ്പതി വില്ലേജ് ബ്ലോക്ക് നമ്പര്‍ 31 ല്‍ 40 സര്‍വെ നമ്പറുകള്‍ എന്നിവയാണ് സര്‍വെ നടത്തുക. ഈ ഭൂമിയിലോ അവയോട് ചേര്‍ന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത ഭൂമികളില്‍ അവകാശമുളളവര്‍ക്ക് നേരിട്ടോ ഏജന്റ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സര്‍വെയര്‍മാര്‍ക്ക് അതിരുകള്‍ കാണിച്ചു കൊടുക്കുകയും ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്യാം. ഇതൊരു നോട്ടീസായി കണക്കാക്കി ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്ന് സ്‌പെഷല്‍ തഹസില്‍ദാര്‍ അറിയിച്ചു. സര്‍വെ ചെയ്യുന്നതിന് തടസ്സമുളള മരങ്ങള്‍, കുറ്റിക്കാടുകള്‍, വേലികള്‍, വിളകള്‍, മറ്റ് തടസ്സങ്ങള്‍ 15 ദിവസത്തിനകം നീക്കം ചെയ്ത് അതിരുകള്‍ വ്യക്തമാക്കണം. കൊടി പിടിക്കുന്നവരെയും ചെയിന്‍മാന്‍മാരെയും നിയോഗിച്ച് അതത് സമയം ആവശ്യമുളള തൊഴിലാളികളെ ഏര്‍പ്പെടുത്തണം. അനുയോജ്യമായ സര്‍വെ അടയാളങ്ങളും മറ്റ് സഹായങ്ങളും സര്‍വെയര്‍ക്ക് നല്‍കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കൂലിപ്പണിക്കാരെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് ചെലവ് ഭൂവുടമകളില്‍ നിന്നും ഈടാക്കും.