നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങിന്റെ (എന്‍.സി.വി.റ്റി) നിബന്ധനകള്‍ എല്ലാ സ്വകാര്യ ഐ.റ്റി.ഐ അധികൃതരും പാലിക്കണമെന്ന് വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിങ് ഡയറക്റ്റര്‍ അറിയിച്ചു. എന്‍.സി.വി.റ്റി അഫിലിയേറ്റഡ് ട്രേഡുകളുളള നിരവധി പ്രൈവറ്റ് ഐ.റ്റി.ഐ. കള്‍ ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറിയിപ്പ്. പ്രൈവറ്റ് ഐ.റ്റി.ഐ കളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കില്‍ വിവരം ട്രെയിനിങ് ഡയറക്റ്ററേറ്റില്‍ അറിയിച്ച് അഫിലിയേഷന്‍ റദ്ദാക്കുന്ന നടപടികള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ സ്വീകരിക്കണമെന്നാണ് എന്‍.സി.വി.റ്റി യുടെ നിബന്ധന. കൂടാതെ സ്ഥാപനവുമായി ബന്ധപ്പെട്ട് അതുവരെയുളള അഡ്മിഷന്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട രേഖകള്‍, ബി.ഫോമുകള്‍ തുടങ്ങിയ എല്ലാ രേഖകളും തൊട്ടടുത്ത സര്‍ക്കാര്‍ നോഡല്‍ ഐ.ടി.ഐ കളില്‍ കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ നടപടികള്‍ ഒന്നും സ്വീകരിക്കാതെ ഏകപക്ഷീയമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് പ്രൈവറ്റ് ഐ.റ്റി.ഐ അധികൃതര്‍ ചെയ്തു വരുന്നത്. പരിശീലനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാത്തതിനാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുളളത്. നിരവധി തവണ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും ഒരു മറുപടിയും ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ അവസാന അറിയിപ്പായി ചെത്തല്ലൂര്‍ പ്രൈവറ്റ് ഐ.റ്റി.ഐ, എം.ഇ.എസ് കാപ്പുങ്ങല്‍ പ്രൈവറ്റ് ഐ.റ്റി.ഐ, ഇന്‍ഫോര്‍മ പ്രൈവറ്റ് ഐ.റ്റി.ഐ, മണ്ണാര്‍ക്കാട് എന്നിവയുടെ അധികൃതര്‍ ജൂലൈ അഞ്ചിനകം നോഡല്‍ ഐ.റ്റി.ഐ യായ അട്ടപ്പാടി മട്ടത്തുകാട് ഐ.റ്റി.ഐ. യില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നിശ്ചിത സമയപരിധിക്കുളളില്‍ നേരിട്ട് ഹാജരാകാത്ത പക്ഷം ഇനിയൊരു അറിയിപ്പ് നല്‍കാതെ തന്നെ വകുപ്പ് നിയമ നടപടികള്‍ സ്വീകരിക്കും.