ആലപ്പുഴ: ഭൂമിയുടെ സംരക്ഷണത്തിന് ഏറെ അനുയോജ്യമായ കയര്‍ ഭൂവസ്ത്രത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി പറ‍ഞ്ഞു. കയര്‍ഭൂവസ്ത്രം സാധ്യതകളും പദ്ധതി അവലോകനവും എന്ന വിഷയത്തില്‍ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മണ്ണൊലിപ്പ് തടയാനും മണ്ണിന്‍റെ ജലസംരക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിനും കയര്‍ ഭൂവസ്ത്രത്തിന് കഴിയും. തീരത്തിന്‍റെയും ബണ്ടുകളുടെയും സംരക്ഷണത്തിനും ഇത് ഏറെ പ്രയോജനപ്പെടുന്നുണ്ട്. കയര്‍ മേഖലയെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് വിപുലമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്-ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറ‍ഞ്ഞു.

നഗരസഭാധ്യക്ഷ സൗമ്യാ രാജ് അധ്യക്ഷത വഹിച്ചു. കയര്‍ഭൂവസ്ത്രം വിതാനവും തൊഴിലുറപ്പ് പദ്ധതികളും എന്ന വിഷയത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ജോയിന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ഷാജുവും കയര്‍ഭൂവസ്ത്രം സാധ്യതകളും സാങ്കേതിക വശങ്ങളും എന്ന വിഷയത്തില്‍ കയര്‍ കോര്‍പ്പറേഷന്‍ മാനേജര്‍ ആര്‍. അരുണ്‍ ചന്ദ്രനും ക്ലാസ് നയിച്ചു.

കഴിഞ്ഞ വര്‍ഷം കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ച നെടുമുടി പഞ്ചായത്തിനെയും ജില്ലാ തലത്തില്‍ മുന്നിലെത്തിയ കൈനകരി പഞ്ചായത്തിനെയും ചടങ്ങില്‍ അനുമോദിച്ചു.

കയര്‍ വികസന ഡയറക്ടര്‍ വി.ആര്‍. വിനോദ്, കയര്‍ പ്രോജക്ട് ഓഫീസര്‍ സുരേഷ് ബാബു, നഗരസഭാ കൗണ്‍സിലര്‍ പി.എസ്. ഫൈസല്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, കയര്‍ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.എസ്. വിനയകുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.