കാക്കനാട്: കൃത്യതയാർന്ന പ്രവർത്തനത്തിലൂടെ പൊതുജനത്തിന്റെ പ്രശംസ നേടിയ വനിതാ വില്ലേജ്‌ ഓഫീസറിനും സീനിയർ ക്ലാർക്കിനും കളക്ടർ അനുമോദന പത്രം കൈമാറി. കുര്യൻ കോശി എന്ന വ്യക്തിയ്ക്ക്
സർക്കാർ ഓഫീസിൽ നിന്നും ലഭിച്ച നല്ല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് അനുമോദന പത്രം നൽകാൻ റവന്യൂ മന്ത്രി കെ.രാജൻ കളക്ടർക്ക് നിർദ്ദേശം നൽകിയത്. നടമ വില്ലേജ് ഓഫീസർ എസ്. അമ്പിളി, കണയന്നൂർ താലൂക്ക് ഓഫീസ് സീനിയർ ക്ലർക്ക് സുജ.എം.എസ്. എന്നിവർ അനുമോദന പത്രം ഏറ്റുവാങ്ങി. ഓഫീസിലെ ഇവരുടെ മാന്യമായ ഇടപെടലും വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയതും ചൂണ്ടിക്കാണിച്ചാണ് എറണാകുളം സ്വദേശി കുര്യൻ കോശി മന്ത്രിക്ക് ഇ-മെയിൽ ചെയ്തത്. പേരുകൾ ശ്രദ്ധയിൽ പെടുത്തി ഇയാൾക്ക് ഓഫീസിൽ വന്നപ്പോഴുണ്ടായ മികച്ച അനുഭവം വിവരിച്ചായിരുന്നു മെയിൽ സന്ദേശം. ജീവനക്കാരിൽ നിന്നും വളരെ വിനയവും സഹായകരവുമായ പ്രതികരണമാണ് ലഭിച്ചതെന്ന് കുര്യൻ കോശി മെയിലിൽ പറയുന്നു.

റവന്യൂ രേഖകളുടെ തിരുത്തൽ നടപടികൾക്കു വേണ്ടിയാണ് കോശി ഓഫീസുകളിലെത്തിയത്. മെയിൽ ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ. രാജൻ ജീവനക്കാർക്ക് അനുമോദന പത്രം കൈമാറാൻ കളക്ടർ ജാഫർ മാലികിന് നിർദ്ദേശം നൽകുകയായിരുന്നു. വ്യാഴാഴ്ച ചേംബറിൽ വച്ച് ജീവനക്കാർക്ക് അനുമോദന പത്രം കൈമാറി. പൊതു ജനങ്ങളിൽ നിന്നും ലഭിക്കുന്ന അനുമോദനമാണ് സർക്കാർ ജീവനക്കാരുടെ ഏറ്റവും വലിയ അംഗീകാരമെന്ന് കളക്ടർ പറഞ്ഞു. പ്രവർത്തനങ്ങൾ ഇതേ പോലെ തുടരണമെന്നും കളക്ടർ നിർദ്ദേശിച്ചു. എ.ഡി.എം എസ്.ഷാജഹാൻ, എച്ച്.എസ്. ജോർജ് ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.