എറണാകുളം ചിൽഡ്രൻസ് പാർക്ക് നവീകരണ പ്രവൃത്തികൾക്ക് ശേഷം നവംബർ 14 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി ബാബു കെ.ജി അറിയിച്ചു. 2018 ജൂൺ 1 ന് നവീകരണ പ്രവർത്തികൾക്കായി പാർക്ക് അടച്ചതിന് ശേഷമാണ് ഞായറാഴ്ച്ച തുറന്ന് കൊടുക്കുന്നത്. ശിശുദിനത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ സാന്നിധ്യത്തിൽ കുട്ടികൾ തന്നെയാകും പാർക്ക് തുറക്കുക. നവംബർ 14 മുതൽ ഡിസംബർ 4 വരെ പ്രവേശനം സൗജന്യമായിരിക്കും. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാകും പാർക്ക് തുറന്ന് പ്രവർത്തിക്കുക. നിലവിൽ മൾട്ടി പ്ലേ സിസ്റ്റം, ഊഞ്ഞാൽ, മെറി ഗോ റൗണ്ട്, സ്ളിഡയറുകൾ, വോൾ ക്ളയിംബർ, ഫണൽ റണ്ണർ എന്നിവയാണ് നിലവിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഡിസംബർ 5 നകം ബമ്പർ കാർ, 5 കമ്പ്യൂട്ടർ ആർക്കേഡ് ഗെയിം, മിനി വാട്ടർ തീം പാർക്ക്, പെഡൽ ബോട്ടിംഗ്, ടോയി ട്രെയിൻ സർവ്വീസ്, ഗോ കാർട്ട്, സ്കെയിറ്റിംഗ് പരിശീലനം എന്നിവയും പാർക്കിൽ ആരംഭിക്കുമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി ബാബു കെ.ജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർക്കിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ ശിശു ക്ഷേമ സമിതി ട്രഷറർ കെ.എം ശരത് ചന്ദ്രൻ, എക്സിക്യൂട്ടീവ് മെമ്പർ അലൻ ജോർജ്, പാർക്ക് സൂപ്രണ്ട് കെ.കെ. ഷാജി എന്നിവർ പങ്കെടുത്തു.