സംസ്ഥാനത്തെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി സംസ്ഥാന വനം -വികസന ഏജൻസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കതിർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അട്ടപ്പാടി റെഞ്ചിലെ ധാന്യം ഊരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണന് കൈമാറി.
വനാശ്രിത ജന സമൂഹത്തിന്റെ സമാന്തര വിദ്യാഭ്യാസ ക്രമത്തെ ശക്തിപ്പെടുത്തുകയാണ് ചെറിയ ലൈബ്രറികൾ സജ്ജമാക്കുന്നതിലൂടെ കതിർ പദ്ധതി ലക്ഷ്യമിടുന്നത്. പുതൂർ പഞ്ചായത്ത് പ്രസിഡന്റ് ജോതി അനിൽകുമാർ അധ്യക്ഷയായി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം സുബൈർ പദ്ധതി വിശദീകരിച്ചു. കതിർ പദ്ധതിക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത പ്രൊഫ. ധർമ്മരാജ് അടാട്ടിനെ പ്രമോദ് ജി കൃഷ്ണൻ ആദരിച്ചു.
പരിപാടിയോടനുബന്ധിച്ച് ഊര് നിവാസികൾക്കായി നടത്തുന്ന സൗജന്യ പി.എസ്.സി ക്ലാസ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഈസ്റ്റേൺ സർക്കിൾ) വിജയാനന്ദൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.
കതിർ പദ്ധതിയുടെ ലോഗോ നിർമ്മാതാവ് പാവേൽ സുരേഷ്, പദ്ധതിക്ക് ‘കതിർ’ എന്ന പേര് നിർദ്ദേശിച്ച ടി.ടി ജോൺ എന്നിവർക്ക് മണ്ണാർക്കാട് ഡി.എഫ്.ഒ എം.കെ സുജിത് ഉപഹാരം നൽകി. ചിത്രരചന വിജയികൾക്കുള്ള സമ്മാനം പുതൂർ ഗ്രാമപഞ്ചായത്ത് അംഗം മാരിമുത്തു വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി നഞ്ചിയമ്മ, സിനിമാ താരം പഴനിസ്വാമി എന്നിവരുടെ പാട്ടും പറച്ചിലും അരങ്ങേറി.