ശക്തമായ കാറ്റും മോശം കാലാവസ്ഥയും;
കേരള തീരത്ത് മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: വടക്കൻ തമിഴ്‌നാടിനും സമീപപ്രദേശത്തുമായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മിതമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളതീരത്തും അതിനോട് ചേർന്ന് കിടക്കുന്ന തെക്ക് -കിഴക്കൻ അറബിക്കടലിലും നാളെ (നവംബർ 14) വരെയും ഗൾഫ് ഓഫ് മാന്നാറിലും കന്യാകുമാരി പ്രദേശത്തും ഇന്ന് (നവംബർ 13) വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്തും മറ്റ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.