സഹകരണ മേഖല പുതിയ കാലത്തെ വലിയ ബദൽ : മുഖ്യമന്ത്രി
കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടിറിംഗ് സിസ്റ്റം ഒരാഴ്ചയ്ക്കകമെന്ന് മന്ത്രി വി.എൻ. വാസവൻ
പുതിയ കാലത്ത് വലിയൊരു ബദൽ സാദ്ധ്യതയാണ് സഹകരണ മേഖലയെന്നും അതുകൊണ്ടു തന്നെ നിലനിൽപ്പും അതിജീവനവും ഉദാവൽക്കരണ ആഗോളവൽക്കരണ നയങ്ങളുടെ വക്താക്കളെ അസഹിഷ്ണുക്കളാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 68-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ ബദലായി മാറിയ സഹകരണ മേഖലയെ തന്നെ ഇല്ലാതാക്കാൻ നടത്തുന്ന മൂർത്തമായ ശ്രമത്തിന്റെ ദൃഷ്ടാന്തങ്ങൾ കേന്ദ്ര നിയമത്തിലൂടെയും കാണുന്നുണ്ട്. സഹകരണ മേഖലയിലെ ഫെഡറൽ തത്വങ്ങളെ ആകെ ലംഘിക്കും വിധം കൈയടക്കാൻ ശ്രമിക്കുകയാണ്. യുക്തിരഹിതമായ നിയമങ്ങളിലൂടെ സഹകരണ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും വരിഞ്ഞു മുറുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇപ്പോഴും ഡെമോക്ലീസിന്റെ വാൾ പോലെ ആദായ നികുതി നിയമത്തിന്റെ പല വകുപ്പുകളും സഹകരണ മേഖലയുടെ തലയ്ക്കുമുകളിൽ തൂങ്ങി നിൽക്കുന്നു.
അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിലും വായ്പ നൽകുന്നതിനും ആർബിഐ എതിർപ്പുയർത്തുന്നില്ല. എന്നാൽ എതിർപ്പ് ഇല്ലെന്ന് പറയുന്ന കാര്യങ്ങൾ പോലും നടപ്പിലാക്കാൻ പറ്റാത്ത സ്ഥിതിയാണ്. ആറര പതിറ്റാണ്ടായി ഉപയോഗിച്ചു വരുന്ന ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ആഗോളവൽക്കരണത്തിനുള്ള ബദൽ എന്ന നിലയിലാണ് സഹകരണ മേഖലയെ സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോട്ട് നിരോധനം, കോവിഡിന് ശേഷമുള്ള മാന്ദ്യം , സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കം എന്നിങ്ങനെ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സഹകരണ വാരാഘോഷം നടക്കുന്നത് . അവയെല്ലാം ശ്രദ്ധേയമായ രീതിയിൽ അതിജീവിച്ചു. അസമത്വം പെരുകുകയും തൊഴിൽ സുരക്ഷിതത്വം കുറയുകയും യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ പെരുകുകയും ചെയ്യുന്ന സാഹചര്യമാണ് ദേശീയ തലത്തിലുള്ളത്.
ലോകത്ത് 279 ദശലക്ഷം പേർ അവരുടെ പ്രധാന വരുമാനമാർഗമായി സഹകരണ മേഖലയെയാണ് കാണുന്നത്. ഇന്ത്യയിലാകട്ടെ ലോകത്തെ ഏറ്റവും വിപുലമായ സഹകരണ പ്രസ്ഥാനമാണുള്ളത്. ലളിതമായ രീതിയിൽ ആരംഭിച്ച കേരളത്തിലെ സഹകരണ മേഖല ഇന്ന് സമ്പദ് മേഖലയിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുന്ന രീതിയിൽ വളർന്നു കഴിഞ്ഞു. കോവിഡ് കാലത്ത് ബാങ്കിംഗ് പ്രശ്നങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇടപെടാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളുടെ വീട്ടുപടിക്കൽ വരെ സേവനങ്ങളെത്തിച്ചു. ക്ഷേമ പെൻഷനുകൾ വീടുകളിലെത്തിച്ചു നൽകി. പ്രളയകാലത്തും മഹാമാരിക്കാലത്തും ജനങ്ങൾക്കായി നിരവധി പദ്ധതികളാണ് സഹകരണ മേഖല ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വായ്പാ പലിശ ഇളവ്, കുറഞ്ഞ പലിശയ്ക്ക് വായ്പ എന്നിവയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 226 കോടി രൂപ നൽകാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സഹായഹസ്തം പലിശരഹിത വായ്പ നല്ലരീതിയിൽ നൽകാൻ കഴിഞ്ഞു. സഹകരണ മേഖലയിലെ ഉൽപ്പന്നങ്ങൾ ഒരേ കുടക്കീഴിൽ കൊണ്ടു വരാൻ കോപ് മാർട്ട് പദ്ധതി തുടങ്ങി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 2074 വീടുകൾ ഒന്നാം ഘട്ടത്തിൽ വച്ചു നൽകി. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സഹകരണ മേഖല കഴിഞ്ഞ കുറച്ചു കാലങ്ങളായി ആക്രമണങ്ങൾ നേരിടുന്നു. 2016 ലെ നോട്ട് നിരോധനത്തെ തുടർന്ന് അപവാദ പ്രചാരണമുണ്ടായി. കള്ളപ്പണം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളെന്നും വിശേഷിപ്പിച്ചു. ആർബിഐ ലൈസൻസ് ഉണ്ടായിട്ടും ജില്ലാ സഹകരണ ബാങ്കുകൾക്ക് നോട്ടുകൾ മാറി നൽകാൻ അനുമതി നൽകിയില്ല. സഹകരണ മേഖലയെ ഒന്നടങ്കം ലക്ഷ്യം വച്ചുള്ള നടപടിയായിരുന്നു ഇത്. സാധാരണക്കാരന്റെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളെ ഒറ്റപ്പെടുത്തി അവഹേളിച്ചു. എല്ലാത്തരം ആക്രമണങ്ങളെയും നേരിട്ടാണ് സഹകരണ മേഖല മുന്നോട്ടു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോള തലത്തിലും ദേശീയതലത്തിലും സംസ്ഥാനതലത്തിലും വളരെ പ്രധാനപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ സംജാതമായിരിക്കുന്ന, സാമ്പത്തിക പ്രയാസങ്ങൾ നേരിടുകയും കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുകയും ചെയ്യുന്ന സമയത്ത്, സഹകരണ മേഖല ബലിഷ്ഠമായ കരങ്ങളുമായി സമൂഹത്തെ താങ്ങി നിർത്തുന്ന കാഴ്ചയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
തകർന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ സമാശ്വസിപ്പിക്കുന്ന സമാന്തര സാമ്പത്തിക സങ്കേതമെന്ന നിലയിൽ സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടു പോകേണ്ട ദീർഘ വീക്ഷണത്തോടെയുള്ള നീക്കങ്ങൾ നടത്തേണ്ട സന്ദർഭമാണ്. കടുത്ത പ്രതിസന്ധികൾ അനുഭവിക്കുന്ന ഘട്ടത്തിൽ ഒരു ഷോക്ക് അബ്സോബർ പോലെ പ്രശ്നങ്ങൾ ലഘൂകരിക്കുന്ന തരത്തിലാണ് സഹരണ മേഖല പ്രവർത്തിച്ചത്. കാലഘട്ടത്തിന്റെ സവിശേഷത അനുസരിച്ച് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായുള്ള നീക്കമാണ് കേരള ബാങ്ക് എന്ന സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ സാക്ഷാത്ക്കരിച്ച സ്വപ്നം അവശേഷിക്കുന്ന നടപടികൾ കൂടി പൂർത്തിയാക്കാൻ ഇപ്പോൾ ശക്തമായ നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുകയും യോജിച്ച് പാസാക്കുകയും ചെയ്തുവെന്ന കാര്യം അഭിമാനകരവും ആഹ്ലാദകരവുമായ കാര്യമാണ്. ക്ഷീരമേഖലയിൽ കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കാൻ കഴിഞ്ഞു. യഥാർത്ഥ ക്ഷീരകർഷകർക്ക് സഹകരണ സംഘത്തിൽ അംഗത്വം ലഭിക്കുന്നതിനും അവർക്ക് ഭാരവാഹികളാകുന്നതിനുമുള്ള അവസരം ഒരുക്കി. ക്ഷീരമേഖലയിലുള്ള വനിതകൾക്കും കാര്യമായ പരിഗണനയാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവിയിൽ അവർക്ക് സംവരണം നൽകാനായത് പരക്കെ ആവേശം ഉണർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും യൗവ്വനങ്ങൾ യുവ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് രംഗത്തു വന്നു കഴിഞ്ഞു. അതുപോലെ തന്നെ വനിതാ സംഘങ്ങൾ കോവിഡ് കാലത്ത് പ്രതിരോധ സാമഗ്രികൾ നിർമ്മിച്ച് മുന്നോട്ട് വന്നു. ഓരോ സംഘങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം കൊടുത്തു കൊണ്ടു 12 വനിതാ സഹകരണ സംഘങ്ങളിൽ സംരംഭകത്വം ആരംഭിച്ചു. കാർഷിക മേഖലയിലും പുത്തൻ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുകയാണ്.
സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്നും നെല്ല് കൃഷിക്കാരെ സംരക്ഷിക്കുന്നതിനാണ് പാലാക്കാട് നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ മാതൃകയിൽ പുതിയ സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കോവിഡ് കാലത്ത് പ്രതിരോധപ്രവർത്തനങ്ങളുമായി സഹകരണ സംഘങ്ങൾ സജീവമായി മുന്നോട്ടു വന്നിരുന്നു. കൺസ്യൂമർഫെഡ് പൾസ് ഓക്സിമീറ്റർ കുറഞ്ഞ വിലയ്ക്ക് നൽകിയപ്പോഴാണ് പൊതുവിപണിയിൽ മൂന്നിരട്ടി വില ഈടാക്കിയിരുന്നവർ വില കുറയ്ക്കാൻ തയ്യാറായത്.
വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയപ്പോൾ വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് 92 കോടി രൂപയുടെ പലിശ രഹിത വായ്പയാണ് നൽകിയത്. സഹകരണമേഖല മാത്രമാണ് സാമൂഹ്യ പ്രതിബദ്ധതയോടെ വായ്പ നൽകാൻ മുന്നോട്ട് വന്നത്. ഏറ്റവും അധികം ബുദ്ധിമുട്ടിയ കലാകാരന്മാർക്ക് ഇനി അത്തരമൊരു ബുദ്ധിമുട്ട് വരാൻ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് കലാകാരന്മാരുടെ സഹകരണ സംഘം ആരംഭിക്കുന്നത്.
ചില അനാവശ്യ പ്രവണതകൾ ഉണ്ടായപ്പോൾ സഹകരണ വകുപ്പിനെതിരെ ശക്തമായ പ്രചാരണങ്ങളുണ്ടായി.
അതിനെ നേരിടാനും സഹകാരികൾക്ക് ബുദ്ധിമുട്ടുകൾ വരാത്ത തരത്തിൽ പ്രശ്നങ്ങളെ നേരിടാനും കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ക്രമക്കേടുകളുണ്ടാകാത്ത തരത്തിലുള്ള സംവിധാനങ്ങൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഓഡിറ്റ് നടത്താനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ക്രമക്കേടുകൾ തടയുന്നതിന് സമഗ്ര നിയമ നിർമ്മാണത്തിനുള്ള നടപടികളും പൂർത്തിയാക്കി ക്കൊണ്ടിരിക്കുന്നു.
ഇന്നുള്ള വ്യവസ്ഥകളുടെ ദുർബലാവസ്ഥ മറികടക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന രജിസ്ട്രാർ ഓഫീസിലോ മന്ത്രി ഓഫീസിലോ ഉദ്യോഗസ്ഥരുടെ ഓഫീസുകളിലോ ഇരുന്നാൽ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന തരത്തിലുള്ള ഓഡിറ്റ് സമ്പ്രദായം നടപ്പിലാക്കാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്. കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടറിംഗ് സിസ്റ്റം ഒരാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്. ഐടി ഇന്റഗ്രേഷൻ വരാൻ പോകുന്നു. എല്ലാ തരത്തിലുള്ള ആധുനിക സംവിധാനങ്ങളും സഹകരണ മേഖലയിൽ നടപ്പിലാകാൻ പോകുകയാണെന്നും മന്ത്രി വിശദീകരിച്ചു.
ഇതിനോടൊപ്പം തന്നെ കേന്ദ്ര നയങ്ങളിൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് തടയിട്ടെങ്കിലും ജാഗ്രതയോടെ ഇരിക്കണം. പല രൂപത്തിൽ നമുക്കുള്ള അവകാശാധികാരങ്ങളിലേയ്ക്കുള്ള കടന്നു കയറ്റങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട്. ബാങ്കിംഗ് റഗുലേഷൻ ആക്ടിന്റെ ഭേദഗതിയും സഹകരണ മേഖലയ്ക്കെതിരായി ഉയരുന്ന ഭീഷണിയാണ്. ഇതിനെതിരെ നിയമപരമായും ജനാധിപത്യപരമായും പ്രതിരോധം സൃഷ്ടിച്ചു കൊണ്ട് മുന്നോട്ട് പോകേണ്ട സമയമാണ്. ഇതിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോകാമെന്ന് എല്ലാ സഹകാരികളോടും അഭ്യർത്ഥിക്കുന്നതായും വി. എൻ. വാസവൻ പറഞ്ഞു.
സംസ്ഥാന സഹകരണ രജിസ്ട്രാർ പി.ബി. നൂഹ് പതാക ഉയർത്തിയതോടെയാണ് സഹകരണ വാരാഘോഷ ചടങ്ങുകൾ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായിരുന്നു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, കരകുളം കൃ്ഷ്ണപിള്ള, സി.പി. ജോൺ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. അഡീഷണൽ രജിസ്ട്രാർ അനീറ്റ ടി. ബാലൻ നന്ദി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സഹകരണ മേഖല പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ സെമിനാറും നടന്നു.