വിദ്യാർത്ഥികളെ വരവേൽക്കാൻ മന്ത്രി മണക്കാട് സ്കൂളിലെത്തും
ഒന്നാം വർഷ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളെ സ്വീകരിക്കാൻ മന്ത്രി മണക്കാട് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 15 ന് രാവിലെ ഒമ്പത് മണിക്ക് നേരിട്ടെത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ നവജ്യോത് ഖോസ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടാകും.
കോവിഡ് മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയ മാർഗ രേഖയും പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷ നടത്താനും യഥാസമയം ഫലം പ്രഖ്യാപിക്കാനും പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം സ്കൂൾ തുറക്കാനും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
സ്കൂൾ സമയക്രമം സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ ചെവിക്കൊള്ളരുത്. മാർഗ്ഗരേഖയിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ എല്ലാവരെയും അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് നാളെ ക്ളാസുണ്ടായിരിക്കില്ല.
ഒന്നാം വർഷ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കക്കും അടിസ്ഥാനമില്ല. അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 23 ലെ അലോട്മെന്റ് പരിശോധിച്ചതിന് ശേഷം ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.