നവീകരിച്ച മലമ്പുഴ വാരണി പാലം ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. എം. എൽ.എയുടെ 2021- 22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നവീകരിച്ചത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി.
സമയോചിതമായി പാലം പണി പൂർത്തിയാക്കിയ കോൺട്രാക്ടർ അബ്ദുൾ കാസിമിനു എം.എൽ.എ ഉപഹാരം നൽകി. 2018 ലെ പ്രളയത്തിലാണ് മലമ്പുഴ പുഴക്ക് കുറുകെ വാരണി അക്കരക്കാട്ടിൽ നിർമിച്ച പാലത്തിന്റെ മധ്യഭാഗം തകർന്ന് തുടങ്ങിയത്. പിന്നീട് 2019 ലെ പ്രളയത്തോടെ പൂർണമായും ഗതാഗത യോഗ്യമല്ലാതാവുകയായിരുന്നു. അക്കരക്കാട്, കുനുപ്പുള്ളി, കാത്തിരക്കടവ് പ്രദേശങ്ങളിലുള്ളവർക്ക് മലമ്പുഴ പഞ്ചായത്ത്, ആശുപത്രി, സ്‌കൂൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് എളുപ്പത്തിലെത്താനാവുന്ന മാർഗം ഈ വഴിമാത്രമാണ്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പിള്ളിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയ്, അഞ്ചു ജയൻ, സലജ എന്നിവർ സംസാരിച്ചു.