കമ്പാലത്തറ അഗ്രോപ്രോസില്‍ സ്ഥാപിച്ച കൃഷിയിട സോളാര്‍ വൈദ്യുതി പ്ലാന്റ് ഉദ്ഘാടനം കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദും പ്രിസിഷന്‍ ഫാമിംഗ് സംവിധാനം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നാളെ (നവംബര്‍ 16) രാവിലെ 11 ന് നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.

കമ്പാലത്തറ അഗ്രോപ്രോസ് സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണ് പ്രിസിഷന്‍ ഫാമിംഗ് സജ്ജീകരിച്ചിട്ടുള്ളത്. പ്രിസിഷന്‍ ഫാമിംഗ് വഴി ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പ്രത്യേക വാല്‍വുകളും പൈപ്പുകളും ഉപയോഗിച്ച് ചെടികളുടെ വേരുകളിലേക്ക് ജലസേചനം ചെയ്യുന്നത്. തക്കാളി, പച്ചമുളക് എന്നിവയാണ് ഫാമില്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. മൂന്ന് പോളിഹൗസുകളിലായി വെള്ളരി കൃഷിയുമുണ്ട്. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ 25 കിലോ വാട്ട് ഉല്‍പാദന ശേഷിയുള്ള വൈദ്യുതി പ്ലാന്റാണ് ഫാമില്‍ സജ്ജമാക്കിയിട്ടുള്ളത്. പാനലുകള്‍ ഉയരത്തില്‍ ക്രമീകരിച്ചതിനാല്‍ സ്ഥലം പാഴാക്കാതെ അതിനടിയില്‍ കൃഷിയും നടത്തുന്നുണ്ടെന്ന് അഗ്രോ പ്രോസ് പ്രസിഡന്റ് വി. മുരുകദാസ് പറഞ്ഞു.

കൃഷിയിടത്തില്‍ നിന്നുളള വരുമാനത്തിനുപുറമേ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് കര്‍ഷകന് അധിക വരുമാനം ഉണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. അനര്‍ട്ട് ഡയറക്ടര്‍ നരേന്ദ്രനാഥ് വേളൂരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അഗ്രോ പ്രോസ് പ്രസിഡന്റുമായ വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സരിത തുടങ്ങിയവര്‍ സംസാരിക്കും.