തൃശൂർ ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ജില്ലാ ആസൂത്രണ സമിതി യോഗം. 2021-22 വാർഷിക പദ്ധതിയിൽ കാൻ തൃശൂർ, വയോജന വിഭവകേന്ദ്രം, വിദ്യാകിരണം പദ്ധതി ഡ്രൈവ്, റോഡ് കണക്ടിവിറ്റി മാപ്പിംഗ്, ജല രക്ഷ ജീവരക്ഷ, ശുചിപൂർണ്ണ,ജില്ലാ റിസോഴ്സ് സെന്റർ തുടർ നടപടികൾ തുടങ്ങി വിവിധ പദ്ധതികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്തല അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും അവലോകന യോഗത്തിൽ ചർച്ച ചെയ്തു.വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 1200 ആദിവാസി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വിദ്യാ കിരണം പദ്ധതി ഡ്രൈവ് രൂപീകരണവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തി.
ഇനിയും ലാപ്ടോപ്പുകൾ ലഭിക്കാത്ത വിദ്യാർത്ഥികളുടെ കണക്ക് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടർക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ നിർദ്ദേശം നൽകി.വാർഷിക പുരോഗതിയിൽ പുറകിൽ നിൽക്കുന്ന കൊടുങ്ങല്ലൂർ, ചാലക്കുടി മുൻസിപ്പാലിറ്റികളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ യോഗം തിരുമാനിച്ചു. പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും യോഗത്തിൽ നിർദ്ദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, സിപിസി സർക്കാർ നോമിനി ഡോ.എം വി സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, വൈസ് പ്രസിഡന്റ് ഷീന പറങ്ങാട്ടിൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഡി പി സി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.