ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു. ‘കോവിഡാനന്തര സ്‌ക്കൂള്‍ അനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ മത്സരവും, ‘ബാലാവകാശ സംരക്ഷണത്തില്‍ സമൂഹത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ യു പി, ഹൈസ്‌ക്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പ്രസംഗ മത്സരവുമാണ് സംഘടിപ്പിച്ചത്.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ.എ ഷറഫുദ്ധീന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍.എ കരീം, മറ്റ് ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ഹാരിസ് പഞ്ചിലി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഐ സി) കെ. മുഹമ്മദ് സാലിഹ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ (എന്‍ ഐ സി) ഫസല്‍ പുള്ളാട്ട് എന്നിവര്‍ സംസാരിച്ചു. നവംബര്‍ 20 അന്താരാഷ്ട്ര ശിശു ദിനത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.