തിരൂര്‍ നഗരസഭയുടെ അന്‍പതാം വാര്‍ഷികവും വാഗണ്‍ ട്രാജഡിയുടെ നൂറാം വാര്‍ഷികവും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. ഉദ്ഘാടന സമ്മേളനം, ചരിത്ര സെമിനാര്‍, സ്മൃതിയാത്ര, നഗരസഭയിലെ മുന്‍കാല ജനപ്രതിനിധികളെ ആദരിക്കല്‍, ഷോപ്പിങ് ഫെസ്റ്റിവല്‍, പ്രദര്‍ശനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കലാമത്സരങ്ങള്‍, കലാ-കായിക പരിപാടികള്‍, വികസന പ്രവര്‍ത്തനങ്ങള്‍, ഘോഷയാത്ര, സമാപന സമ്മേളനം എന്നീ പരിപാടികളോടെയാണ് വാര്‍ഷികാഘോഷം.

നാളെ ( നവംബര്‍ 19ന്)പുലാമന്തോള്‍ പഞ്ചായത്തിലെ കുരുവമ്പലത്ത് നിന്നും രാവിലെ 9.30 ന് സ്മൃതിയാത്ര ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എം റഫീഖ ഫ്ളാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ദേവയാനി, വാഗണ്‍ ട്രാജഡി സ്മാരക സമിതി ചെയര്‍ മാന്‍ സലീം കുരുവമ്പലം എന്നിവര്‍ സന്നിഹിതരാകും. തുടര്‍ന്ന് അങ്ങാടിപ്പുറം, കുറുവ, കോഡൂര്‍, പൊന്മള, കോട്ടക്കല്‍, എടരിക്കോട്, പൊന്‍മുണ്ടം, ചെറിയമുണ്ടം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വൈകീട്ട് നാലിന് നഗരസഭാ അതിര്‍ത്തിയില്‍ നിന്നും വരവേറ്റ് വാഗണ്‍ ട്രാജഡി ഹാളിലേക്ക് ആനയിക്കും. സമ്മേളനം വൈകീട്ട് 4.30ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.മുഖ്യാതിഥിയായും പങ്കെടുക്കും വൈകീട്ട് ‘1921 ‘ ഡിജിറ്റല്‍ ഡ്രാമ അരങ്ങേറും.

നവംബര്‍ 20ന് രാവിലെ 10ന് തിരൂര്‍ ടൗണ്‍ ഹാളില്‍ ചരിത്ര സെമിനാര്‍ എം.പി.അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ ഡോ.പി.ശിവദാസന്‍, പി.സുരേന്ദ്രന്‍, അജിത് കൊളാടി, ഉസ്മാന്‍ താമരത്ത്, എന്നിവര്‍ വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് നഗരസഭയിലെ മുന്‍കാല ജന പ്രതിനിധികളെയും വിദ്യാര്‍ഥി പ്രതിഭകളെയും ആദരിക്കും. എ.പി.അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗസല്‍ സന്ധ്യ അരങ്ങേറും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനിടയില്‍ 50 വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ എ.പി നസീമ അറിയിച്ചു