മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളാപ്പാറ ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ജല നിരപ്പ് റൂള്‍ കര്‍വില്‍ എത്തുന്നതിനു മുമ്പ് തന്നെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും മുല്ലപ്പെരിയാര്‍ പദ്ധതിപ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുല്ലപെരിയാര്‍, ഇടുക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കേണ്ടി വന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ആശങ്കയുടെ യാതൊരു സാഹചര്യങ്ങളും ഇല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെയും വൈദ്യുതി വകുപ്പിനെയും നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. റവന്യു മന്ത്രി, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ നിരന്തരം ഫോണിലൂടെ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ജാഗരൂകരായാണ് പ്രവര്‍ത്തിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി ഏതു സാഹചര്യത്തിലും ഡാം തുറക്കാനും അടയ്ക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന ആശയത്തിന് ഇരുസംസ്ഥാനങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളതിനാല്‍ അത്തരത്തില്‍ തമിഴ്നാടുമായി ചേര്‍ന്നുള്ള കൂടിയാലോചനകള്‍ ഏറെ ആശാവഹമാണന്നും മന്ത്രി കൂടിച്ചേര്‍ത്തു