ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ആദ്യ ജില്ലാതല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 20ന് രാവിലെ 9.30ന് തിരൂര്‍ രാജിവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുറുക്കോളീ മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാവും. തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസീമ വിശിഷ്ടാതിഥിയാവും. ജില്ലയിലെ കായിക സംഘടന ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും. ജൂനിയര്‍ വിഭാഗത്തില്‍ 90 ഓളം ടീമുകളും, സബ്ജൂനിയര്‍ വിഭാഗത്തില്‍ 60 ഓളം ടീമുകളും അടക്കം 150 ടീമുകള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. മഞ്ചേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കോട്ടപ്പടി സ്റ്റേഡിയം, തിരൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം, എടപ്പാള്‍ ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട്, മഞ്ചേരി ജി.ബി.എച്ച് .എസ്.എസ്. ഗ്രൗണ്ട്, നിലമ്പൂര്‍ പൊലീസ് ഗ്രൗണ്ട്, കൊണ്ടോട്ടി ഇ.എം.ഇ. കോളജ് ഗ്രൗണ്ട്, മങ്കട ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട്, അരീക്കോട് തെരട്ടമ്മല്‍ ഗ്രൗണ്ട് എന്നീ കേന്ദ്രങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയ എല്ലാ സ്ഥാപനങ്ങളും ടീമുകളും കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മലപ്പുറം 9495243423 എന്ന നമ്പറില്‍ ബന്ധപ്പെടണം.