സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ(സി.ഡബ്ല്യു.സി) തലശേരി സെന്‍ട്രല്‍ വെയര്‍ ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. സി.ഡബ്ല്യു.സിയുടെ കേരളത്തിലെ 12-ാമത്തെ വെയര്‍ ഹൗസാണു തലശേരിയിലേത്.

തലശേരി കിന്‍ഫ്ര സ്‌മോള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ 3.71 ഏക്കറില്‍ 12.5 കോടി ചെലവില്‍ നിര്‍മിച്ച വെയര്‍ ഹൗസ് സമുച്ചയത്തിന് 12,520 മെട്രിക് ടണ്‍ സംഭരണ ശേഷിയുണ്ട്. മികച്ച നിലവാരത്തിലുള്ള റോഡുകള്‍, ആധുനിക അഗ്നിശമന സാമഗ്രികള്‍, ലോറി വെയ്ബ്രിഡ്ജ്, മഴക്കാലത്തും കയറ്റിറക്കു പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താവുന്ന കനോപ്പി റൂഫിങ്, 24 മണിക്കൂര്‍ സി.സി.ടി.വി. സെക്യൂരിറ്റി സംവിധാനങ്ങള്‍ എന്നിവ ഇതിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
തലശേരി സെന്‍ട്രല്‍ വെയര്‍ ഹൗസില്‍ 26നു വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി. അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സി.ഡബ്ല്യു.സി. മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ പങ്കെടുക്കും.