കെ കെ ടി എം ഇൻഡോർ സ്റ്റേഡിയത്തിന് 4.1 കോടി രൂപയുടെ ഭരണാനുമതി
മഴയും വെയിലുമേൽക്കാതെ വോളിബോളും ബാഡ്മിന്റണും കളിക്കാൻ കൊടുങ്ങല്ലൂരിന് സ്വന്തമായൊരു ഇൻഡോർ സ്റ്റേഡിയമൊരുങ്ങുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ 4.1 കോടി രൂപയുടെ ഭരണാനുമതി. കെ കെ ടി എം കോളേജ് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിനാണ് തുക അനുവദിച്ചതെന്ന് അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ പറഞ്ഞു.കൊടുങ്ങല്ലൂരിലേയും പരിസരപ്രദേശങ്ങളിലേയും യുവാക്കളുടെ കായിക സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുവാനാണ് അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന് രൂപം നൽകിയത്.
സ്റ്റേഡിയം പൂർത്തീകരിക്കുന്നതോടെ കോളേജിലെ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം ലഭ്യമാക്കുന്നതിന് ജില്ലയിലെ തന്നെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിൽ ഒന്നാകും ഇത്. കൊടുങ്ങല്ലൂരിൽ വിവിധ കായിക പരിശീലനങ്ങൾ നടത്താനുതകുന്ന വിധം ഏറ്റവും നല്ല സജ്ജീകരണങ്ങളുള്ള സ്റ്റേഡിയമാക്കി മാറ്റാൻ നിർമ്മാണ ചുമതലയുള്ള പൊതുമരാമത്തു വകുപ്പിനോട് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു.
2015 ഡിസംബറിലാണ് പുല്ലൂറ്റ് കുഞ്ഞുകുട്ടൻ തമ്പുരാൻ കോളേജ് ഗ്രൗണ്ടിലെ ഒന്നരയേക്കർ സ്ഥലം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര സൗകര്യങ്ങളോടുകൂടിയ മിനി സ്‌റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
32,700 ചതുരശ്രയടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായി നിർമിക്കുന്ന സ്റ്റേഡിയത്തിനായി ആദ്യ ഘട്ടത്തിൽ അനുവദിച്ച നാലു കോടി 93 ലക്ഷം രൂപ ചെലവഴിച്ച് മേൽക്കൂരയടക്കമുള്ള കെട്ടിടത്തിന്റെ സ്ട്രക്ചറും പവലിയനും കോർട്ടുകളും മറ്റ് അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടുകളും ചുറ്റുമതിലുകളും കമാനവുമുൾപ്പെടയുള്ള നിർമാണപ്രവർത്തനങ്ങളാണ് പൂർത്തിയാക്കുക.
അന്താരാഷ്ട്ര നിലവാരമുള്ള മത്സരങ്ങളും ക്രിക്കറ്റ് ടൂർണമെന്റുകളും നടത്താവുന്ന വിപുലമായ സൗകര്യങ്ങളോടെ നിർമിക്കുന്ന സ്റ്റേഡിയത്തിൽ ഗസ്റ്റ് മുറികൾ, പരിശീലകർക്കും മറ്റ് ചുമതലക്കാർക്കും താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ, കളിക്കാർക്കും മറ്റും വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കും.