ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് രംഗത്ത്മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി എറണാകുളം ജില്ല ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്. ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനായി കർമ്മ പദ്ധതി രൂപീകരിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി ജില്ലയിൽ പ്രധാന ആശുപത്രികളെ ബന്ധിപ്പിച്ചു കൊണ്ട് നടപ്പിലാക്കി വരുന്ന ഹബ് & സ്പോക്ക് സംവിധാനംഅണുബാധ നിയന്ത്രണ പരിപാടിയിൽ നാഴികക്കല്ലാണ്.

രാജ്യത്ത് ഹബ് & സ്പോക്ക് സംവിധാനം നടപ്പിലാക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം ജില്ല . ലോകാരോഗ്യ സംഘടനയുടെയും ശ്രദ്ധ നേടുകയുണ്ടായി ഈ മോഡൽ. രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചെറിയ ആശുപത്രികളെയും വലിയ ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ചെലവ് കുറഞ്ഞ മാർഗമാണ് ഹബ് & സ്പോക്ക് മോഡൽ. എറണാകുളം ജനറൽ ആശുപത്രിയിയിൽ പ്രവർത്തിക്കുന്ന മൈക്രോ ബയോളജി ലാബാണ് ജില്ലാ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഹബ് ആയി പ്രവർത്തിക്കുന്നത്.

ജില്ലയിലെ 15 ഗവൺമെന്റ് ആശുപത്രികളാണ് സ്പോക്ക് ആയി പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ജനറൽ ആശുപത്രിയിലെ എ എം ആർ ലാബിൽ പരിശോധിക്കുന്നു. ഇതിലൂടെ കോവിഡ് രോഗികളിലുൾപ്പടെ ഉണ്ടാകുന്ന മറ്റ് അണുബാധകളും, ഡ്രഗ് റസിസ്റ്റൻസ് കണ്ടെത്തുന്നതിനും ഈ സംവിധാനം സഹായകരമാണ്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെയാണ് ഹബ് & സ്പോക്ക് സംവിധാനം ജില്ലയിൽ നടപ്പിലാക്കുന്നത്.

യുക്തിസഹമായ ആന്റിബയോട്ടിക് തെറാപ്പി, അണുബാധ നിയന്ത്രണം, ആൻറി ബയോട്ടിക് പോളിസി, ആശുപത്രികളുടെ എ എം ആർ നിരീക്ഷണം എന്നിവ എ എം ആർ പ്രോഗ്രാമിന്റെ അവിഭാജ്യ ഘടകമാണ്. ജില്ലയിൽ അണുബാധ രോഗനിർണയത്തിലും മാനേജ്മെന്റിലും ഹബ് & സ്പോക്ക് പ്രോജക്റ്റ് നിർണായക പങ്കാണ് വഹിക്കുന്നത്.

രോഗാണുക്കൾ മരുന്നുകൾക്കെതിരെയുണ്ടാക്കുന്ന ചെറുത്തു നിൽപ്പ് തടയുന്നതിനായി മരുന്നുകൾ വിവേകപൂർവ്വം ഉപയോഗിക്കുക,.സ്വയം ചികിത്സയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക തുടങ്ങിയവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 18 മുതൽ 24 വരെ ലോക ആന്റി മൈക്രോബിയൽ റസിസ്റ്റന്റ്സ് വാരമായി ആചരിക്കുകയാണ്. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്..