താരങ്ങള്‍ പേടിക്കണ്ട.. ! രക്ഷാപ്രവര്‍ത്തനത്തിന് പരിചയ സമ്പത്തിന്റെ കരുത്തുമായി ചന്ദ്രാ അലൈയും സംഘവും രംഗത്തുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിലെ റെസ്‌ക്യൂ ടീമിന്റെ ക്യാപ്റ്റനാണ് നേപ്പാളുകാരനായ ചന്ദ്ര അലൈ. മലബാര്‍ കയാക്‌ഫെസ്റ്റിവലിന്റെ തുടക്കം മുതല്‍ ഇദ്ദേഹവും സംഘവുമാണ് താരങ്ങളുടെ സുരക്ഷ ഒരുക്കുന്നത്. പാറകെട്ടുകള്‍ക്കിടയിലൂടെ കുത്തിയൊലിച്ചൊഴുകുന്ന പുഴയില്‍ മത്സരിക്കുന്നത് തന്നെ താരങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണ്. ഏത് സമയവും താരങ്ങള്‍ അപകടത്തില്‍ പെട്ടേക്കാവുന്ന അവസ്ഥയില്‍ വിദേശികളടക്കമുള്ള താരങ്ങളുടെ സുരക്ഷയൊരുക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ചന്ദ്രാ അലൈ പറഞ്ഞു.
റെസ്‌ക്യു ത്രീ സൗത്ത് ഏഷ്യാ എന്ന കമ്പനിയുടെ ഭാഗമായി ചന്ദ്രാ അലൈയും സംഘവും 56 രാജ്യങ്ങളില്‍ കയാക് മത്സരങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക ചുക്കാന്‍ പിടിക്കുന്നുണ്ട്. അഞ്ച് നേപ്പാളുകാരടങ്ങുന്ന 12 അംഗ സംഘമാണ് കരയിലും വെളളത്തിനും സുരക്ഷയൊരുക്കാന്‍ പുലിക്കയം ചാലിപ്പുഴയിലുള്ളത്. ഇദ്ദേഹത്തിന്റെ കൂടെയുള്ളത്. അപകടത്തില്‍പ്പെട്ട താരങ്ങളുടെ താരങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന ലൈഫ് ബേസ്ഡ് റെസ്‌ക്യു ആണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്.  അഞ്ച് വര്‍ഷം മുമ്പ് ഇവിടെ വരുമ്പോള്‍ കയാകിങ് മത്സരങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഈ പുഴ ആരും ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് ലോകം അറിയപ്പെടുന്നപുഴയായി ചാലിപ്പുഴ മാറി. മിക്ക പുഴകളെയും ഇതുപോലെ ഉപയോഗപ്പെടുത്താവുന്നതാണ്. കയാക്കിങ് മത്സരങ്ങള്‍ക്കും പരിശീലത്തിനും അടിസ്ഥാനമായി വേണ്ടത് ഇത്തരം പുഴകളാണ്. അന്താരാഷ്ട്ര തലങ്ങളില്‍ വിജയം കൊയ്ത പല രാജ്യങ്ങളിലെയും താരങ്ങള്‍ പരിശീലനം മറ്റിടങ്ങളിലാണ് നടത്തുന്നത്. കേരളത്തില്‍ ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്താനാകുന്നില്ല.
ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നാണ് ചന്ദ്ര അലൈ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം പ്രകാദേശിക തലത്തിലടക്കം ഇവര്‍ക്കാവശ്യമുള്ള പരിശീലനം നല്‍കാന്‍ ഒരുക്കമാണെന്നും ഇദ്ദേഹം പറഞ്ഞു. നീന്തല്‍ സ്‌കൂളുകളില്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തണമെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഇത്തവണ മത്സരിച്ച പ്രാദേശിക താരങ്ങള്‍ പലരും പരിശീലനം ആരംഭിച്ചത് തന്നെ 20 വയസ്സിന് ശേഷമാണ്. 10 വയസ്സിലെങ്കിലും പരിശീലനം തുടങ്ങിയാല്‍ മാത്രമേ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ പറ്റുന്ന തലത്തിലേക്ക് ഇവരെ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയുള്ളുവെന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.