കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പായം ഗ്രാമ പഞ്ചായത്തില്‍ കേര സമിതി യോഗവും സെമിനാറും സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയതു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ അധ്യക്ഷത വഹിച്ചു. ജില്ലയിലെ നാല് പഞ്ചായത്തുകളെയാണ് ഇതത്തവണ സര്‍ക്കാര്‍ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെങ്ങ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് കേരഗ്രാമം. തെങ്ങിനെ ശാസ്ത്രീയ രീതിയില്‍ പരിപാലിച്ച് ഉല്‍പാദനക്ഷമത ഉറപ്പുവരുത്തുക, കൃഷിക്കാര്‍ക്ക് ന്യായ വില ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

കേര സമിതിയുടെ കണ്‍വീനറായി എം എന്‍ മുരളീധരനെയും പ്രസിഡന്റായി തുണ്ടത്തില്‍ സെബാസ്റ്റ്യനെയും സജി പാറടിയിലിനെ കഞ്ചാഞ്ചിയായും തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റിനെയു ടെക്‌നിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനും കൃഷി ഓഫീസര്‍ പോള്‍സണ്‍ തോമസ് കവീനറുമാണ്. 69 ലക്ഷം രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. തെങ്ങ് കൃഷി പുനരുദ്ധാരണം, രോഗം ബാധിച്ചതും ഉല്‍പ്പാദന ക്ഷമത കുറഞ്ഞതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റി പുതിയ തെങ്ങിന്‍ തൈകള്‍ നടല്‍, തെങ്ങിന് ശാസ്ത്രീയ ജൈവവളപ്രയോഗം നടത്തക, ജലസേടനം ഉറപ്പാക്കുക, തെങ്ങ് കയറ്റ യന്ത്രം വാങ്ങുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 250 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനായി 21 മുതല്‍ 24 വരെ പഞ്ചായത്തില്‍ കേര കര്‍ഷകരുടെ യോഗം ചേരുകയും വാര്‍ഡ് തല കേര സമിതി രൂപീകരിക്കുകയും ചെയ്യും. തുടര്‍ന്ന് കുടുംബശ്രീ മുഖേനെ ഗൃഹ സന്ദര്‍ശന സര്‍വ്വേയും സംഘടിപ്പിക്കും. ഇതുവഴി കര്‍ഷകരില്‍ നിന്ന്് അപേക്ഷ സ്വീകരിക്കുകയും ആനുകൂല്യ വിതരണം നടത്തുകയും ചെയ്യും.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, വൈസ് പ്രസിന്റ് വി സാവിത്രി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ കെ പ്രേമരാജന്‍, കരിപ്പായി പവിത്രന്‍, കെ കെ വിമല, കൃഷി ഓഫീസര്‍  പോള്‍സണ്‍ തോമസ്  ഇരിട്ടി ബ്ലോക്ക് കൃഷി അസ്റ്റന്റ് ഡയറക്ടര്‍ വി ലത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.