വഴിയോരത്ത് കച്ചവടം നടത്തുന്ന സാധാരണക്കാരായവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്-വെന്റിംഗ് സര്‍ട്ടിഫിക്കറ്റ് വിതരണം, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ചന്തമുക്ക് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് സാഹചര്യത്തില്‍ വ്യാപാര മേഖല ഉള്‍പ്പെടെ തകര്‍ച്ച നേരിട്ടു. ചെറുകിടക്കാര്‍ക്കും വഴിയോര വാണിഭത്തിനും തിരികെ വരുന്നതിന് വഴിയൊരുക്കാനാണ് ശ്രമം. ഈ രംഗത്തുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തിരിച്ചറിയല്‍ രേഖ നല്‍കുന്നത്. അതുപോലെ കുടുംബശ്രീ സംഘങ്ങള്‍ക്ക് വരുമാന സ്രോതസ് എന്ന നിലയക്ക് ഏറെ മുന്നോട്ട് പോകാനാകും.

കൊട്ടാക്കരയിലെ ഗതാഗത സംവിധാനം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് നടപടി ഉണ്ടാകും. പൊതുശ്മശാനം നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭ അധ്യക്ഷന്‍ എ. ഷാജു അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. ആര്‍. അജു പദ്ധതി വിശദീകരണം നടത്തി. നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എ. സുജ, അനിത ഗോപകുമാര്‍, എസ്. ആര്‍. രമേശ്, ജി. സുഷമ, കെ. ഉണ്ണികൃഷ്ണന്‍ മേനോന്‍, കൗണ്‍സിലര്‍മാരായ ഷൂജ ജസിം, പി.എം. സൂസമ്മ, വി. ഫിലിപ്പ്, ബിജി ഷാജി, ജെയ്‌സി ജോണ്‍, വനജ രാജീവ്, ജേക്കബ് വര്‍ഗീസ്, സുഭദ്രഭായി, എ. മിനികുമാരി, പി. ബിനി, അരുണ്‍, ആര്‍. സബിത, സെക്രട്ടറി ടി. വി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.