കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. www.norkaroots.org ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കു. മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും.

8 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്. മരണപ്പെട്ട രക്ഷകര്‍ത്താവിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മരിച്ചയാള്‍ കോവിഡ് പോസിറ്റീവായിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്/ലാബ് റിപ്പോര്‍ട്ട്, അപേക്ഷകയുടെ ആധാര്‍, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന റിലേഷന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, 18 വയസിന് മുകളിലുള്ളവര്‍, അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം.

ധനസഹായ വിതരണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (1800 425 3939) ബന്ധപ്പെടണം.