കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയ പ്രവാസികള്‍ക്കായി കുടുംബശ്രീ മിഷന്റെയും നോര്‍ക്ക റൂട്ട്സിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പ്രവാസി ഭദ്രത പദ്ധതി ‘പേളിന്റെ’ ജില്ലാതല ഉദ്ഘടനവും വായ്പാ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

മധൂര്‍ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേര്‍സണ്‍ കെ.രേണുക, ചെങ്കള പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.എ ഖദീജ എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും വായ്പാ തുക ഏറ്റുവാങ്ങി. ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അധ്യക്ഷനായി. നോര്‍ക്കാ റൂട്ട്സ് പ്രതിനിധി കെ.ടി ഹേമശാലിനി, പ്രകാശന്‍ പാലായി, ഡി. ഹരിദാസ്, സി.എച്ച്. ഇഖ്ബാല്‍, കൃപ്ന തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി ഭദ്രത പദ്ധതി: 42 അപേക്ഷകള്‍ക്ക് അംഗീകാരം

കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസമായാണ് സര്‍ക്കാര്‍ പ്രവാസി പദ്ധതി ആരംഭിച്ചത്. നോര്‍ക്ക റൂട്ട്സ്മായി സംയോജിച്ച് കുടുംബശ്രീ മുഖേനയാണ് പ്രവാസി ഭദ്രത പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. ഒരാള്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയാണ് പദ്ധതി വഴി നല്‍കുന്നത്.

മൂന്നുമാസം മൊറൊട്ടോറിയമുള്ള പലിശരഹിത വായ്പയുടെ തിരിച്ചടവ് 21 മാസമാണ്. നിലവില്‍ ജില്ലാ മിഷനില്‍ ആദ്യം ലഭിച്ച 52 അപേക്ഷകള്‍ പരിശോധിച്ചതില്‍ 42 എണ്ണം ജില്ലാതല സമിതി രൂപീകരിച്ച് അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ വായ്പ അനുവദിച്ചവര്‍ക്കുള്ള 40 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്നും പദ്ധതിയുടെ അപേക്ഷകള്‍ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ സ്വീകരിക്കും.