രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി, തൊഴില്‍ വകുപ്പ് സഹ മന്ത്രി എ നാരായണ സ്വാമി നവംബര്‍ 24 ന് രാവിലെ 10.30 ന് ചെമ്മനാട് കണ്‍സ് കോണ്‍സ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ചടങ്ങില്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും. രാജ്്മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷനാകും. എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ,് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാഷ്ട്രീയ വയോശ്രീ യോജന:
910 ഗുണഭോക്താക്കള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായോപകരണങ്ങള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രായാധിക്യത്താലുണ്ടാകുന്ന വിവിധ ശാരീരിക പരിമിതികളെ മറികടക്കുന്നതിനുള്ള സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് രാഷ്ട്രീയ വയോശ്രീ യോജന (ആര്‍.വി.വൈ). സാമൂഹ്യ നീതി മന്ത്രാലയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2021 ജൂണിലാണ് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചത്. കേരള സാമൂഹിക സുരക്ഷാ മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. വീല്‍ ചെയര്‍, വാക്കര്‍, ക്രെച്ചസ്, ഊന്നുവടി, കണ്ണടകള്‍, കേള്‍വി സഹായ ഉപകരണങ്ങള്‍, കൃത്രിമ ദന്ത നിരകള്‍, തുടങ്ങി 24 തരം ഉപകരണങ്ങളാണ് വയോശ്രീ യോജന പദ്ധതി പ്രകാരം ലഭ്യമാകുന്നത്. ജില്ലയില്‍ 910 ഗുണഭോക്താക്കള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ ആണ് ഈ പദ്ധതി വഴി നല്‍കുക. സാമൂഹ്യ സുരക്ഷ മിഷനൊപ്പം വിവിധ കോളേജുകളിലെ 100 ല്‍ അധികം എന്‍.എസ്.എസ് വളണ്ടിയര്‍മാരും പദ്ധതിയുടെ നടത്തിപ്പിന് സഹായിച്ചു.

ബി.പി.എല്‍ അല്ലെങ്കില്‍ മാസവരുമാനം 15000 രൂപയില്‍ താഴെ ഉള്ള 60 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും വയോശ്രീ യോജന പദ്ധതിയില്‍ അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും ബ്ലോക്തല ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഉപകരണങ്ങള്‍ വിതരണം ചെയ്യും.