തിരുവനന്തപുരം: ഭൂമി തരംതിരിക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കി, വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ നടക്കുന്ന ആർ.ഡി.ഒ മാരുടെ ദ്വിദിന ക്യാമ്പ് സന്ദർശിക്കാനെത്തിയായിരുന്നു അദ്ദേഹം.
ക്യാമ്പിന്റെ ഭാഗമായി ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോസീജിയർ മന്ത്രി പ്രകാശനം ചെയ്തു. തരംമാറ്റൽ നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ ശ്രമിക്കും. തരംതിരിക്കലിന്റെ മറവിൽ ചില ഏജൻസികൾ ആവശ്യക്കാരെ കബളിപ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 27 ആർ.ഡി.ഒമാരാണ് ക്യാമ്പിൽ പങ്കെടുത്തത്. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, റവന്യൂ വിഷയം കൈകാര്യം ചെയ്യുന്ന കേരള ഹൈക്കോടതിയിലെ ജഡ്ജിമാർ തുടങ്ങിയവരുടെ ക്ലാസുകളും സർവ്വേ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രയോഗിക ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഐ.എൽ.ഡി.എം ഡയറക്ടർ ഡോ.സജിത് ബാബുവും പങ്കെടുത്തു.