ദേശീയ ഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ മാനസിക നിലവാരം മനസിലാക്കി പെരുമാറാൻ അധ്യാപകർക്ക് കഴിയണം. ഹിന്ദി ഭാഷയെ സ്നേഹിക്കാൻ നമുക്കാകണം.
സുരീലി പരിശീലന പരിപാടിയിൽ അധ്യാപകർക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കണം. ഹിന്ദി ഭാഷയെ കൂടുതൽ അടുത്തറിയാൻ ഇതുവഴി സാധ്യമാകും. നിർബന്ധിത സാഹചര്യമായതിനാൽ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെട്ടു . വിദ്യാർഥികളുടെ സഹജമായ കൂട്ടായ്മയ്ക്ക് ഓഫ് ലൈൻ ക്ലാസുകളാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.

2016-17 അധ്യയന വർഷമാണ് സർവശിക്ഷാ അഭിയാൻ സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടി ആരംഭിച്ചത്.

ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് റിസോഴ്സ് സെൻ്ററു (ബി .ആർ .സി) കളിലെ പ്രൈമറി വിഭാഗം ഹിന്ദി അധ്യാപകരെ ഉൾപ്പെടുത്തിയാണ് ആദ്യ ശിൽപശാലകൾ സംഘടിപ്പിച്ചത്.
തുടർന്നുള്ള വർഷങ്ങളിൽ വിവിധ മൊഡ്യൂളുകൾ രൂപപ്പെടുത്തി പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് ശില്പശാലകൾ നടത്തി .

ക്ലാസ് മുറികളിൽ ഹിന്ദി ഭാഷ സ്വാഭാവികമായ രീതിയിൽ പ്രയോഗിക്കാൻ ആത്മ വിശ്വാസം നൽകുക എന്നതായിരുന്നു സുരീലി ഹിന്ദി ശില്പശാലകളുടെ ലക്ഷ്യം.
ഇക്കുറി കവിതകൾ,കഥകൾ ,ലഘു നാടകങ്ങൾ, പാവനാടകം എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ പിന്തുണ ഉറപ്പു വരുത്തുന്ന ഡിജിറ്റൽ മൊഡ്യൂളുകളാണ് സുരീലി ഹിന്ദി പാക്കേജിൽ തയ്യാറാക്കിയിട്ടുള്ളത്.
അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഹിന്ദി ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുക, സാഹിത്യാഭിരുചി വളർത്തുക, വിദ്യാർഥികളിലെ സർഗാത്മകത വളർത്തുക എന്നിവയും സുരീലി ഹിന്ദിയുടെ ലക്ഷ്യമാണ്.

വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി അധ്യക്ഷത വഹിച്ചു. യുആർസി സൗത്ത് ട്രെയിനർ പി.സുഭാഷ് പദ്ധതി വിശദീകരിച്ചു. എസ്എസ്കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ കെ.എൻ.സജീഷ് നാരായണൻ,
ജില്ലാ പ്രോഗ്രാം ഓഫീസർ ഷീബ വി.ടി ,ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർമാരായ പി.അഭിലാഷ് കുമാർ, വി.ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.