എറണാകുളം : ജില്ലയിൽ ജാഗ്രതാ സമിതികൾ കാര്യക്ഷമമാക്കണം എന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. അയൽവാസികൾ തമ്മിലുള്ള തർക്കം, അതിർത്തി തർക്കം, കലഹം തുടങ്ങിയ പരാതികളാണ് അദാലത്തിൽ കൂടുതലായി ഉയർന്ന് വന്നത്. ഇത്തരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് ജാഗ്രതാ സമിതികളുടെ ഫലപ്രദമായ ഇടപെടൽ ആവശ്യമാണ്.

ആലുവയിൽ ഭർതൃപീഢനം മൂലം അഭിഭാഷക വിദ്യാർത്ഥിനി മോഫിയ പർവിൻ ആത്മഹത്യ ചെയ്തത് ദാരുണമായ സംഭവമാണ്. നീതിരഹിതമായ സമീപനം പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഡിവൈഎസ്പിക്ക് വനിത കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.

ജില്ലയിൽ താരതമ്യേന പരാതികൾ വർദ്ധിക്കുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്നത്. പരാതികളിൽ ജാഗ്രതയോടെ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ അദാലത്ത് ജില്ലയിൽ നടത്തുന്നത് എന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

നവംബർ 22, 23 തീയതികളിലായി വൈഎംസിഎ ഹാളിൽ നടന്ന അദാലത്തിൽ 152 പരാതികൾ പരിഗണിച്ചു. 32 പരാതികൾ തീർപ്പാക്കി. ഏഴ് പരാതികളിൽ റിപ്പോർട്ട് തേടി. 113 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മിഷൻ അംഗം അഡ്വ ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.