ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പ്രത്യേക ക്യാമ്പയ്ൻ സംഘടിപ്പിക്കും. ഡിസംബർ അവസാനത്തോടെ മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകുകയാണ് ലക്ഷ്യം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറാടി മാതൃക പിന്തുടരണമെന്ന് മന്ത്രി പി.രാജീവ് യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ 25 ശതമാനം ആളുകൾ കൂടിയാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളത്. മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഇതുവരെ രണ്ടാം ഡോസ് സ്വീകരിക്കാത്തവരുടെ പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ തയാറാക്കി കഴിഞ്ഞു. ഇവരെ നേരിൽ കണ്ടും വാക്സിന്റെ ആവശ്യകത ബോധിപ്പിക്കും. കൂടാതെ മൈക്ക് അനൗൻ ൺസ്മെന്റുകൾ വഴിയും ബോധവത്കരണം വ്യാപിപ്പിക്കും. വാർഡ് അംഗം, ഫീൽഡ് സ്റ്റാഫ്, ആശ വർക്കർ മാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. നിലവിൽ ജില്ലയിൽ ആവശ്യത്തിന് വാക്സിൻ ശേഖരിച്ചിട്ടുള്ളതായി കളക്ടർ ജാഫർ മാലിക് യോഗത്തിൽ അറിയിച്ചു. ഒന്നരലക്ഷത്തോളം വാക്സിൻ ജില്ലയിൽ ലഭ്യമാണ്. രണ്ടാം ഡോസ് വാക്സിൻ എടുക്കാത്ത 100 ൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പ്രദേശത്ത് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിൽ മാറാടി പഞ്ചായത്താണ് രണ്ട് ഡോസ് വാക്സിനും നൂറ് ശതമാനം പൂർത്തിയാക്കിയത്. മുവാറ്റുപുഴ ,പറവൂർ, പിറവം, തൃപൂണിത്തുറ മുനിസിപ്പാലിറ്റികളും 90 ശതമാനത്തിനു മുകളിൽ വാക്സിനേഷൻ പൂർത്തിയാക്കി. 28 തദ്ദേശ സ്ഥാപനങ്ങൾ 80 മുതൽ 90 ശതമാനം വരെ വാക്സിൻ നൽകി. ഡിസംബർ 15 നുള്ളിൽ 100 ശതമാനം പൂർത്തിയാക്കും. 60 നും 80 ശതമാനത്തിനും ഇടയിൽ ആളുകൾക്ക് വാക്സിനേഷൻ നൽകിയ 44 തദ്ദേശസ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. 18 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 60 ശതമാനത്തിൽ താഴെയാണ്. ജില്ലയിൽ 50,30,746 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്.