പ്രാദേശിക ഭരണം ശക്തിപ്പെടുത്തുവാനുള്ള ഓൺലൈൻ ചർച്ചാവേദി ‘തദ്ദേശകം’ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അധികാര വികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഓൺലൈൻ ചർച്ചാവേദി എന്ന നിലയിൽ കില രൂപകൽപ്പന ചെയ്തതാണ് ‘തദ്ദേശകം’ ഓൺലൈൻ ചർച്ചാവേദി. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ‘തദ്ദേശകം’ ഓൺലൈൻ ചർച്ചാവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കില സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ മിറാഷ് ഒ.എസ്. സ്വാഗതം പറഞ്ഞു.

അധികാരവികേന്ദ്രീകരണം തദ്ദേശസ്വയംഭരണം എന്ന വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് ചർച്ചാ വേദിയിൽ പങ്കെടുക്കാം. അംഗങ്ങൾ നിർദ്ദേശിക്കുന്ന വിഷയങ്ങൾ മോഡറേറ്റർ പോർട്ടലിൽ പ്രസിദ്ധീകരിക്കും. അംഗങ്ങൾ വിഷയങ്ങൾ നിർദ്ദേശിക്കുമ്പോൾ ആ വിഷയത്തിന്റെ പശ്ചാത്തലം, എന്തിനാണ് വിഷയം ചർച്ച ചെയ്യേണ്ടത്, ഈ ചർച്ചയിലൂടെ ലഭിക്കുന്ന ആശയങ്ങൾ എന്തൊക്കെ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.  ഒരു വിഷയത്തിന്റെ മുൻഗണന, കാലയളവ് എന്നിവ അതത് വിഷയത്തിന്റെ പ്രാധാന്യമനുസരിച്ച് മോഡറേറ്റർക്ക് നിശ്ചയിക്കാം.

ഓരോ ചർച്ചയുടെയും സംക്ഷിപ്ത രൂപം ചർച്ച അവസാനിപ്പിച്ച് ഒരു ആഴ്ചക്കുള്ളിൽ പ്രസിദ്ധീകരിക്കും. ഇംഗ്ലീഷിലോ മലയാളത്തിലോ ഈ ചർച്ചകളിൽ പ്രതികരിക്കാം. അതത് വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ, കേസ് സ്റ്റഡി എന്നിവ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും ഈ വേദിയിൽ ഉണ്ടായിരിക്കും. പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംവിധാനം ഫലപ്രദമായി ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. പോർട്ടൽ അഡ്രസ്: https://thaddesakam.kila.ac.in/.