ജലജീവന് മിഷന് മുഖേന ജില്ലയിലെ 18 പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളില് ഉള്പ്പെട്ട 17774 പൈപ്പ് കണക്ഷനുകള്ക്ക് അംഗീകാരം നല്കാന് ജില്ലാ കലക്ടര് മൃണ്മയി ജോഷിയുടെ അധ്യക്ഷതയില് ചേര്ന്ന ജലജീവന് മിഷന് അവലോകന യോഗത്തില് തീരുമാനിച്ചു. കൂടാതെ, നേരത്തെ ഭരണാനുമതി ലഭിച്ച പദ്ധതികളില് പുതിയ നിരക്ക് (എസ്.ഒ.ആര്) വന്നതോടെ എസ്റ്റിമേറ്റ് പുതുക്കി പുതിയ ഭരണാനുമതിക്ക് വേണ്ടി 121789 പൈപ്പ് കണക്ഷനുകള്ക്ക് അംഗീകാരം നല്കി.
പുതിയ റോഡുകളില് പൈപ്പിടുന്നതിന് ജനപ്രതിനിധികളുമായി യോഗം നടത്തി തീരുമാനമെടുക്കാന് ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു.
വണ്ടാഴി, വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകള്ക്കുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ട സ്ഥലം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നല്കാന് തീരുമാനിച്ചു. അതിനായി തരൂര്, ആലത്തൂര് നിയമസഭാ മണ്ഡലങ്ങളിലെ എം.എല്.എ മാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഉള്പ്പെടുത്തി യോഗം നടത്തും. ഓണ്ലൈനായി ചേര്ന്ന യോഗത്തില് ഒറ്റപ്പാലം സബ് കലക്ടര് ശിഖ സുരേന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര് ഏലിയാമ്മ നൈനാന്, ജലനിധി റീജിയണല് ഓഫീസര്, ജനപ്രതിനിധികള്, വാട്ടര് അതോറിറ്റി ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.