ആലപ്പുഴ: കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം കലാമത്സരങ്ങള്‍ക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.

പഞ്ചായത്ത്, ബ്ലോക്ക് തല മത്സരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ജില്ലാതലത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മത്സരാര്‍ഥികള്‍ക്ക് നേരിട്ടും ക്ലബുകള്‍ വഴിയും www.keralotsavam.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനാകും. ഇതിനുശേഷം രജിസ്റ്റര്‍ നമ്പര്‍, കോഡ് നമ്പര്‍ എന്നിവ ലഭിക്കും. കോഡ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ച് തയ്യാറാക്കുന്ന വീഡിയോകള്‍ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ പ്രവേശിച്ച് ഡിസംബര്‍ 10നുള്ളില്‍ അപ്‌ലോഡ് ചെയ്യണം.

പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന എന്‍ട്രികള്‍ വിദഗ്ദ്ധ സമിതി പരിശോധിച്ച് ഒരു ഇനത്തില്‍ അഞ്ചെണ്ണം വീതം ജില്ലാതല വിധി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തും. ജില്ലാതലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനത്തുകയും ലഭിക്കും.

മത്സര ഫലങ്ങള്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ വെബ്‌സൈറ്റിലും കേരളോത്സവം വെബ് ആപ്ലിക്കേഷനിലും പ്രസിദ്ധീകരിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കാം. ഫോണ്‍- 0477 2239736, 9496260067.