സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ‘പഠ്നാ ലിഖ്നാ അഭിയാന്‍’ കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ നിന്ന് 50000 പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷപിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് കണ്ടെത്തി സാക്ഷരരാക്കണം.

ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും, സെക്രട്ടറിമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സാക്ഷരതാ പ്രവര്‍ത്തകരുടെയും ആലോചനാ യോഗം നവംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശങ്ങളും പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് നേതൃത്വം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.