അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്‍ മുഖേന കെ- ഡിസ്‌ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 20 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമാക്കി നടത്തുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ 10,000 പേര്‍ക്കാണ് ജോലിക്ക് അവസരമൊരുക്കുന്നത്. കൊല്ലം ജില്ലാതല തൊഴില്‍ മേള ഡിസംബര്‍ 19ന് ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോളേജില്‍ നടക്കും.

ഓണ്‍ലൈനായി ചേര്‍ന്ന സംഘാടക സമിതി മീറ്റിംഗില്‍ ജില്ലാതല എക്‌സിക്യൂട്ടീവ് സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ചെയര്‍മാനായ എക്‌സിക്യൂട്ടീവ് സമിതിയില്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ് ജനറല്‍ കണ്‍വീനറാണ്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ അംഗങ്ങളും.

മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, വൈസ് പ്രസിഡന്റ് സുമ ലാല്‍, ജില്ലാ വികസന സമിതി കമ്മിഷണര്‍ ആസിഫ് കെ. യൂസഫ്, വിവിധ വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോളജ് മിഷന്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഹെഡ് സലീം പദ്ധതി വിശദീകരണം നടത്തി.