കുമ്പഡാജെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു

വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ നടക്കുന്ന വില്ലേജ്തല അദാലത്തിലൂടെ തീര്‍പ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കുംബഡാജെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സെക്രട്ടറിയറ്റ് മുതല്‍ ആരംഭിച്ച അദാലത്തുകളാണ് വില്ലേജുകളിലെത്തുന്നത്.

വില്ലേജുകളിലെ ഉദ്യോഗസ്ഥര്‍ പരസ്പരം ആശയവിനിമയം നടത്തുന്നതായിരിക്കില്ല അദാലത്തുകളെന്നും ഒരു ഡെപ്യുട്ടി കളക്ടര്‍ക്ക് പത്ത് വില്ലേജ് ഓഫീസുകള്‍ എന്ന നിലയില്‍ നിശ്ചയിച്ചാണ് സംസ്ഥാനത്തെ 1666 വില്ലേജുകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുകായെന്നും മന്ത്രി പറഞ്ഞു. ഡിസംബറില്‍ തന്നെ കേരളത്തിലെ എല്ലാ ഭൂരഹിതരുടെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന റവന്യു പട്ടയ ഡാഷ് ബോര്‍ഡ് നിലവില്‍ വരുമെന്നും ജനുവരിയില്‍ അത് പൊതു സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഭൂമിക്ക് വേണ്ടി ദീര്‍ഘകാലമായി ആവശ്യമുന്നയിക്കുന്നവര്‍, അറിവില്ലായ്മ കൊണ്ട് ഭൂമിക്ക് വേണ്ടി ആവശ്യമുന്നയിക്കാതിരിക്കുന്ന ഭൂരഹിതര്‍, അവര്‍ക്ക് എന്ത് കൊണ്ട് ഭൂമി കൊടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള തടസങ്ങള്‍ ഉണ്ടായി എന്നതെല്ലാം ഡാഷ് ബോര്‍ഡില്‍ പരാമര്‍ശിക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വില്ലേജ് തലം മുതലുള്ള റവന്യു ഉദ്യോഗസ്ഥന്‍മാരുമായി തുടര്‍ച്ചയായ ആശയവിനിമയത്തിലൂടെ രൂപം കൊടുക്കുന്ന ഡാഷ്ബോര്‍ഡ് വഴി പരമാവധി ആളുകളെ കുറഞ്ഞ കാലം കൊണ്ട് ഭൂമിയുടെ അവകാശികളാക്കി മാറ്റാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പലവിധങ്ങളായ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പൊതുജനങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും ആശ്രയിക്കേണ്ടുന്ന ഓഫീസാണ് വില്ലേജ് ഓഫീസുകള്‍. അതിനാല്‍ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാക്കി മാറ്റുന്നതിനായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെന്ന പേരില്‍ നവീകരിക്കുന്നത്. കെട്ടിടത്തിന്റെ മോടിയില്‍ മാത്രമല്ല സ്മാര്‍ട്ട് ആകേണ്ടതെന്നതെന്നും പേര് സൂചിപ്പിക്കുന്നത് പോലെ വേഗതയും ആധുനികതയും വിശ്വസ്തതയും ഉത്തരവാദിത്തവും സുതാര്യതയും പുലര്‍ത്തിക്കൊണ്ടാകണം സ്മാര്‍ട് വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളിഗെ, ജില്ലാ പഞ്ചായത്തംഗം ബി.ഷൈലജ ഭട്ട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ.നളിനി, കുമ്പഡാജെ പഞ്ചായത്ത് മെമ്പര്‍ ഹരീഷ് ഗോസാഡ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എന്‍ നമ്പ്യാര്‍, കെ.വാരിജാക്ഷന്‍, പ്രകാശ് കുമ്പഡാജെ, എം.അബൂബക്കര്‍, എ.ടി.ചാക്കോ, അബ്ദുള്‍ റഹ്‌മാന്‍ ബാങ്കോട്, ദാമോദരന്‍ ബെള്ളിഗെ, മാത്യു പിണക്കാട്ട്, മുഹമ്മദ് സാലി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എം.അനന്തന്‍ നമ്പ്യാര്‍, സണ്ണി അരമന, നാഷ്ണല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും ആര്‍.ഡി.ഒ അതുല്‍ എസ് നാഥ് നന്ദിയും പറഞ്ഞു.