പഞ്ചായത്ത്-ബ്ലോക്ക് മത്സരങ്ങള്‍ ഒഴിവാക്കി

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളോത്സവം കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ നടത്തും. ഇക്കുറി കായിക മത്സരങ്ങള്‍ ഉണ്ടാകില്ല. പഞ്ചായത്ത്-ബ്ലോക്ക് തല മത്സരങ്ങളും ഒഴിവാക്കി. ജില്ലാ-സംസ്ഥാനതല കലാ മത്സരങ്ങള്‍ മാത്രമാണ് നടത്തുന്നത്. 41 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. നവംബര്‍ 30 വരെ മത്സരാര്‍ത്ഥികള്‍ക്കും യൂത്ത് ക്ലബ്ബുകള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പ്രാഥമിക തലത്തില്‍ പരിശോധനാ സമിതിയുടെ വിധി നിര്‍ണ്ണയത്തിനു ശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓരോ മത്സരത്തിന്റെയും അഞ്ച് എന്‍ട്രികള്‍ വീതം ജില്ലാതലത്തിലേക്ക് നല്‍കും. ജില്ലാതലത്തില്‍ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരെയാണ് സംസ്ഥാനതല മത്സരത്തിന് പരിഗണിക്കുന്നത്. ഡിസംബര്‍ 31 നകം മത്സരങ്ങള്‍ പൂര്‍ത്തിയാകും. http://www.keralotsavam.com/ ലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

18 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്ന സമയത്ത് മത്സരാര്‍ത്ഥിക്ക് രജിസ്റ്റര്‍ നമ്പറും കോഡ് നമ്പറും കിട്ടും. ഈ നമ്പര്‍ ഉപയോഗിച്ചാണ് മത്സരങ്ങളുടെ റെക്കോഡ് ചെയ്ത വീഡിയോകള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. വീഡിയോ എടുക്കുമ്പോള്‍ കോഡ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. മത്സരഫലങ്ങളും വെബ്‌സൈറ്റ് വഴിയാണ് പ്രസിദ്ധീകരിക്കുക.