എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ചുറ്റുമതിൽ നിർമാണം സംബന്ധിച്ച് കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കി നിർമാണം പൂർത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പ്രദേശത്ത് ഗുണനിലവാരമുള്ള റോഡുകൾ ഉറപ്പാക്കും. പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യവും യാത്രാ സൗകര്യവും പരിഗണിച്ചായിരിക്കും നടപടികൾ. ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ചേരും. സമാന്തര പാതകളുടെ നിർമാണമടക്കമുള്ള സാധ്യതകൾ പരിഗണിക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ ജാഫർ മാലിക്, കുസാറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. വി. മീര, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ജമാൽ മണക്കാടൻ, ജനപ്രതിനിധികൾ, എ.ഡി.എം എസ്. ഷാജഹാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.