വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വോട്ടര്‍ പട്ടിക നിരീക്ഷകനായ സപ്ലൈകോ ചെയര്‍മാനും എംഡിയുമായ അലി അസ്ഗര്‍ പാഷ ഐ എ എസ്. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും അവലോകന യോഗത്തിലാണ് അദ്ദേഹം ജില്ലയിലെ ഇതുവരെയുള്ള നടപടികള്‍ വിലയിരുത്തിയത്. യോഗത്തിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അധ്യക്ഷയായി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ലത വി.ആര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ജില്ലയില്‍ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 1003 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 2021 നവം. 8 ന് പുറത്തിറങ്ങിയ കരട് വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ ആകെ 889188 വോട്ടര്‍മാരാണുള്ളത്. 2021 നവം.1 മുതല്‍ 30 വരെ നടന്നു വരുന്ന പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കലും തിരുത്തലുകളും തുടര്‍ന്നു വരുന്നു. 2021 ഡിസം. 25 വരെ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്തും. തുടര്‍ന്ന് 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികള്‍ cmd@supplycomail.com എന്ന ഇമെയിലില്‍ അയക്കാവുന്നതാണ്.

അതിര്‍ത്തി ജില്ലയെന്നതുകൊണ്ട് ഇരട്ട വോട്ടുകളുണ്ടാകുവാനുള്ള സാധ്യത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒബ്‌സര്‍വറുടെ ശ്രദ്ധയില്‍പെടുത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലയിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍, അസി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.