അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രക്രിയയായ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നവംബർ 28 ന്.

ജില്ലയിലെ അതിദാരിദ്ര്യ സർവേയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

സാമൂഹിക, സന്നദ്ധസംഘടനാ പ്രവർത്തകരുടെയും കുടുംബശ്രീ പ്രതിനിധികളുടെയും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളാണ് വാർഡ് അടിസ്ഥാനത്തിൽ ചേരുന്നത്. ജില്ലയിൽ ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റി, കോർപ്പറേഷൻ അടക്കം 1794 വാർഡ് ഡിവിഷനുകളിലാണ് യോഗം നടക്കുന്നത്. ചേലക്കര പഞ്ചായത്തിലെ വെങ്ങാനല്ലൂരിൽ അന്നേ ദിവസം രാവിലെ നടക്കുന്ന ഫോക്കസ് ഗ്രൂപ്പിൽ പട്ടികജാതി, പട്ടികവർഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പങ്കെടുക്കും.

പട്ടിക കുറ്റമറ്റ രീതിയിലാകുക എന്നതാണ് പ്രധാനമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. യഥാർത്ഥ അതിദരിദ്രരെ കണ്ടെത്താനുള്ള സമഗ്രതലത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നതെന്നും പ്രചാരണത്തിന് എല്ലാവരിൽ നിന്നുമുള്ള സഹകരണം ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.പങ്കാളിത്ത പ്രക്രിയയിലൂടെ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവരുടെ അനുഭവങ്ങളും അറിവും പ്രയോജനപ്പെടുത്തി അതിദരിദ്രരെ കണ്ടെത്തുന്ന പ്രവർത്തനമാണ് ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിൽ നടക്കുക. ഇത്തരത്തിൽ പട്ടികപ്പെടു ത്തുന്നവരെ സർക്കാർ നിശ്ചയിച്ച മാനദണ്ഡ പ്രകാരം പട്ടികയിൽ ഉൾപ്പെടാൻ അർഹരാണെന്ന് പിന്നീട് ഫീൽഡ് തല പരിശോധനയിലൂടെ ഉറപ്പിക്കും.

വാർഡ്തല സമിതികൾ ഇതിനകം യോഗം ചേരുകയും അതിദരിദ്രരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുകയും ചെയ്യും. ഈ യോഗം അടക്കം ഏറ്റവും കുറഞ്ഞത് 3 പങ്കാളിത്ത ചർച്ചകളാണ് ഓരോ വാർഡുകളിലായി സംഘടിപ്പിക്കുന്നത്. നവംബർ 29 ന് വാർഡ് സമിതിയുടെയും സാമൂഹിക സന്നദ്ധ പ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാനിധ്യത്തിൽ അന്തിമയോഗം നടക്കുകയും തയ്യാറാക്കിയിട്ടുള്ള പട്ടികകളുടെ അന്തിമ പരിശോധനയും ക്രോഡീകരണവും നടക്കും. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റ് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ അംഗീകാരത്തോടെ പ്രീ എന്യൂമറേഷൻ മൊബൈൽ ആപ്പിൽ ശേഖരിക്കും. ഈ വിവരമാണ് ഫീൽഡ് തലത്തിൽ പരിശോധിച്ച് ഉറപ്പാക്കുക.

ഫീൽഡ് പ്രവർത്തനത്തിനായി 5000ത്തിൽ അധികം പേരെ സജ്ജമാക്കിയിട്ടുണ്ട്. ഈ പ്രക്രിയയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം ഏകദേശം മുപ്പതിനായിരത്തോളം പേർക്കുള്ള പരിശീലനം ജില്ലയിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഫീൽഡ് തല പരിശോധന പൂർത്തീകരിച്ച ശേഷം വാർഡ് തല ലിസ്റ്റുകൾ തദ്ദേശ സ്ഥാപനതലത്തിൽ ക്രോഡീകരിക്കുകയും പരസ്യപ്പെടുത്തുകയും പ്രത്യേക ഗ്രാമസഭകൾ ചേർന്ന് ചർച്ച ചെയ്യുകയും തുടർന്ന് അന്തിമമാക്കുകയും ചെയ്യും. ഡിസംബർ 15 നകം അതിദരിദ്രരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.