ജില്ലയിലെ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഇലക്ടറൽ റോൾ ഒബ്സർവറായി നിയമിക്കപ്പെട്ടിട്ടുള്ള റാണി ജോർജിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ചു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടുള്ള നടപടികളെ കുറിച്ച് റാണി ജോർജ് യോഗത്തിൽ വിശദീകരിച്ചു. പുതുതായി പേര് ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനുമുള്ള സൗകര്യം സ്പെഷ്യൽ ക്യാമ്പയിൻ ദിവസങ്ങളിൽ എല്ലാ താലൂക്ക് ഓഫീസുകളിലും സജ്ജീകരിച്ചിട്ടുണ്ട്.

വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് സ്വന്തമായും സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച് വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും നവംബർ 30 വരെ സൗകര്യം ചെയ്തിട്ടുണ്ട്. 2016, 2019 വർഷങ്ങളിൽ വോട്ടർ പട്ടികയുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിൽ തന്നെയുള്ള വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ക്രമംതെറ്റി വന്നിട്ടുള്ളത് പരിഹരിക്കുന്നതിനുള്ള നടപടികൾ കൈ കൊണ്ടുവരികയാണെന്ന് ഇലക്ടറൽ റോൾ ഒബ്സർവർ പറഞ്ഞു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ അറിയിച്ചു. ജില്ലയിലെ ഓരോ മണ്ഡലങ്ങളിലെയും നിലവിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.