കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കൊല്ലം തൃക്കരുവ കൃഷിഭവനില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞാവെളി പ്രതിഭാ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാളികേരത്തിന് പലപ്പോഴും മറുനാടുകളെ ആശ്രയിക്കേണ്ടി വരു ന്ന സ്ഥിതിയാണ്. കേരഗ്രാമം പദ്ധതി യുടെ വ്യാപനത്തിലൂടെ നാളികേര കൃഷിയെ പഴയ ഉണർവിലേക്ക് ഉയർത്തണം. 12 ലക്ഷത്തോളം തൈകളാണ് ഈ വർഷം ഉൽപ്പാദിപ്പിച്ചത്. നാളികേര കർഷകന് അന്തസ്സായി ജീവിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. തൃക്കരുവയിൽ പദ്ധതി നടപ്പിലാക്കുന്നത് വഴി തൃക്കരുവ ബ്രാൻഡ് വെളിച്ചെണ്ണയും മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണിയിൽ ഇറക്കാൻ കർഷകർക്ക് സാധിക്കണം.

വിലക്കയറ്റം തടയാൻ പരമാവധി പച്ചക്കറി ഉൽപ്പാദനം നടത്താൻ ഉള്ള ഇടപെടൽ കൃഷിവകുപ്പ് നടത്തുന്നുണ്ട്. പച്ചക്കറി ഉത്പാദനത്തിലൂടെ സ്വയംപര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യം. മന്ത്രി പറഞ്ഞു.
എം. മുകേഷ് എം.എൽഎ അധ്യക്ഷനായി.

പഞ്ചായത്തിലെ മുതിർന്ന കേരകര്‍ഷകൻ ബാലകൃഷ്ണനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എസ്. ഷീബ പദ്ധതി വിശദീകരിച്ചു.

പദ്ധതിയിലൂടെ തെങ്ങു കയറ്റ യന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനം, നാളികേര മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കാനുള്ള ഇടപെടലുകൾ നടത്തും. ഇതിനായി പഞ്ചായത്ത് തലത്തിൽ കേര സമിതികൾ രൂപീകരിക്കും.

തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന്‍, ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി, തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുലഭ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ്. അജിത് കുമാർ, കൃഷി ഓഫീസർ വി.എസ് ദർശന ലാൽ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.