തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുയോജ്യമായ ഷീടാക്‌സി പോലുള്ള സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനും മറ്റ് നൂതന പദ്ധതികള്‍ തുടങ്ങുന്നതിനും ആവശ്യമായ പ്രൊപ്പോസലുകളാണ് സ്വീകരിക്കുന്നത്. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ വച്ച് നടന്ന സംസ്ഥാനതല ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മറ്റുള്ളവരെപ്പോലെ ഇവര്‍ക്കും തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ചുറ്റുപാടൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിയ്ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതികള്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുന്നതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്പ് ലൈനില്‍ ജീവനക്കാരെ നിയമിക്കും. ഷോര്‍ട്ട് സ്‌റ്റേ ഹോമിന്റെ വാടക സംബന്ധിച്ച് തീരുമാനത്തിലെത്തുകയും ഹോം തുടങ്ങുന്നതിനുള്ള തുടര്‍നടപടികള്‍ എത്രയും വേഗം സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ ബോധവല്‍ക്കരണവും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നത് സംബന്ധിച്ച പദ്ധതികള്‍ കര്യക്ഷമമാക്കാനും തീരുമാനമായി.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, ബോര്‍ഡ് അംഗങ്ങളായ അനില്‍ ചില്ല, സൂര്യ അഭിലാഷ്, സോനു നിരഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.