ഖത്തര്‍ ലോകകപ്പ് വേദിയിലെ പ്രദര്‍ശനത്തിനായി ബേപ്പൂര്‍ ചാലിയത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന ഉരു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. 2022 നവംമ്പര്‍ 21 ന് ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ദോഹയില്‍ നടക്കുന്ന ‘കത്തറ ട്രെഡീഷണല്‍ ഡോവ് ഫെസ്റ്റിവലില്‍’ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ബേപ്പൂരിന്റെ ഉരു പ്രദര്‍ശിപ്പിക്കുന്നത്.
ലോകപ്രശസ്തമായ ബേപ്പൂരിന്റെ പരമ്പരാഗത ഉരു ലോകകപ്പ് അന്താരാഷ്ട്ര വേദിയിലേക്ക് എത്തുമ്പോള്‍ അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താന്‍ ടൂറിസം വകുപ്പ് പ്രത്യേക പദ്ധതി ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഉരുനിര്‍മാണവും ബന്ധപ്പെട്ട കേന്ദ്രങ്ങളെയും എല്ലാനിലയിലും പ്രോത്സാഹിപ്പിക്കും. ലോകകപ്പ് വേദിയില്‍ ഉരു പ്രദര്‍ശനത്തിനെത്തുക വഴി ഭാവിയില്‍ വിദേശ സഞ്ചാരികള്‍ ബേപ്പൂരിൽ എത്താനും അതുവഴി വലിയൊരു മാറ്റത്തിന് വഴിതെളിക്കാനും അത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉരു അന്താരാഷ്ട്ര തലത്തിലേക്ക് വരുന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കയറും ചകിരിനാരും ഉപയോഗിച്ചാണ് ബേപ്പൂരില്‍ ഉരു നിര്‍മ്മിച്ചിരുന്നത്. അതേ മാതൃകയിലുള്ള ഉരുവാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് തയ്യാറാക്കുന്നത്.