അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂര്‍ക്കുളം ഗവ.എല്‍.പി.സ്‌കൂളിനെ ഉന്നത നിലവാരത്തിലാക്കാന്‍ 1.5 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ നിര്‍മ്മാണത്തിന് തുക അനുവദിപ്പിച്ച് ഭരണാനുമതി നല്കിയതെന്നും എംഎല്‍എ പറഞ്ഞു.
പേരൂര്‍ക്കുളം സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ച് ഉന്നത നിലവാരത്തിലെത്തിക്കുക എന്നത് ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു പുനലൂര്‍-മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. 93 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ യതി വിദ്യാഭ്യാസം ചെയ്ത സ്ഥാപനം എന്ന നിലയില്‍ പ്രശസ്തവുമാണ്. ആ പ്രാധാന്യം മനസിലാക്കി സ്‌കൂളിനെ ആധുനികവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ജനങ്ങള്‍ കാല്‍നൂറ്റാണ്ടായി ആവശ്യമുയര്‍ത്തി വരികയായിരുന്നു. നിലവിലുള്ള കെട്ടിടം ഉപയോഗക്ഷമമല്ല എന്നു കാട്ടി പൊതുമരാമത്ത് കെട്ടിടവിഭാഗം റിപ്പോര്‍ട്ടും നല്കിയിരുന്നു.
കോന്നിയിലെ ആദ്യകാല സ്‌കൂളായ ഇവിടെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളാണ് പ്രവര്‍ത്തിക്കുന്നത്. 1928ലാണ് സ്‌കൂള്‍ സ്ഥാപിതമാകുന്നത്. 55.5 സെന്റ് സ്ഥലമാണ് സ്‌കൂളിന് നിലവിലുള്ളത്. ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും പരിമിതമായ സൗകര്യങ്ങളാണ് സ്‌കൂളില്‍ ഉള്ളത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഉന്നത സൗകര്യത്തോടു കൂടി സ്‌കൂള്‍ പുനര്‍നിര്‍മിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിട്ടുള്ളത്.
1923 ല്‍ വകയാറില്‍ ജനിച്ച ഗുരുനിത്യ ചൈതന്യ യതി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്കിയ സ്‌കൂള്‍ ആധുനിക നിലയില്‍ പുനര്‍നിര്‍മിക്കുന്നത് നാടിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ്. സര്‍ക്കാര്‍ തീരുമാനം വന്നതോടെ ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയമായമായി പേരൂര്‍ക്കുളം സ്‌കൂള്‍ മാറുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.
യതിയുടെ സ്‌കൂള്‍ എന്ന സ്മരണ നിലനിര്‍ത്തിയായിരിക്കും സ്‌കൂളിന്റെ വികസനമെന്ന് എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണ ചുമതല നല്കിയിട്ടുള്ളത്. കരാര്‍ നല്കുന്നതിന് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി നിര്‍മാണം നടത്തി സ്‌കൂളിനെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നും എംഎല്‍എ പറഞ്ഞു.