കോട്ടയം: ജില്ലയിലെ വിവിധ വികസന പദ്ധതികൾക്ക് അനുവദിച്ച തുക ജനുവരിയോടെ പൂർണമായി വിനിയോഗിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.
സർക്കാർ അനുവദിച്ച പദ്ധതിത്തുക ചെലവഴിക്കാതിരിക്കുന്നത് കുറ്റകരമാണ്. പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുകയും ബില്ലുകൾ യഥാസമയം മാറുകയും വേണം.
ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന വിഷയങ്ങൾ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ ഗൗരവത്തോടെ പരിഗണിച്ച് അടിയന്തര നടപടിയെടുക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ,എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു.
റോഡുകളിൽ രൂപപ്പെട്ട കുഴികളിൽ മഴവെള്ളം നിറഞ്ഞു കിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി പൊളിക്കുന്ന റോഡുകൾ ഗുണനിലവാരത്തോടെ പുനഃസ്ഥാപിക്കണം, നവീകരിച്ച റോഡുകളിൽ സഞ്ചാരതടസം സൃഷ്ടിക്കുന്ന അനധികൃത കൈയേറ്റങ്ങളും പഴയ ടെലിഫോൺ പോസ്റ്റുകളും നീക്കണം, പാതയോരങ്ങളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളും ജനപ്രതിനിധികൾ ഉന്നയിച്ചു. വികസന പദ്ധതികളുടെ നിർവഹണ ചുമതലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.

എം.പി. ലാഡ്‌സ്, എം.എൽ.എ. എസ്.ഡി.എഫ് / എ.ഡി.എഫ് പ്ലാൻ സ്‌പെയ്‌സ്, വാർഷിക പദ്ധതികൾ എന്നിവയുടെ സാമ്പത്തിക പുരോഗതി യോഗം അവലോകനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു പുരോഗതി റിപ്പോർട്ടവതരിപ്പിച്ചു.
സംസ്ഥാന സർക്കാർ അനുവദിച്ച 22772.43 ലക്ഷം രൂപയിൽ ലഭ്യമായ 21547. 10 ലക്ഷം രൂപയുടെ 73.14 ശതമാനവും കേന്ദ്ര സർക്കാർ അനുവദിച്ച 701.90 ലക്ഷം രൂപയുടെ 71.13 ശതമാനം വിനിയോഗിച്ചതായി യോഗം വിലയിരുത്തി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം. ജിനു പുന്നൂസ്, വിവിധ വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.