ജനപ്രതിനിധികളുടെയും വനം-റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേര്‍ന്നു
വനസംരക്ഷണത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. എം.എല്‍.എമാര്‍ മുന്‍കൈയെടുത്ത് ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ജനപ്രതിനിധികളും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതത് തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ച്, അവയെ വെടിവെച്ചുകൊല്ലുന്നതിന് പ്രദേശത്ത് തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തയാറാക്കണം. ഈ വിവരം റേഞ്ച് ഫോറസ്റ്റ് ഓഫീറെ അറിയിക്കണം. വന്യജീവി ആക്രമണങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനായി വനാതിര്‍ത്തികളില്‍ നിര്‍മിക്കുന്ന സോളാര്‍ ഫെന്‍സിങ്ങിന്റെയും കിടങ്ങുകളുടെയും സംരക്ഷണവും പരിപാലനവും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണെന്നും ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദിവാസിഭൂമിക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തണം. തീരുമാനം എടുക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കിയാല്‍, അര്‍ഹതപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പട്ടയം നല്‍കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ കാടിന്റെ മക്കള്‍ക്കും ലഭ്യമാകണം.
അതേസമയം വനത്തിനുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വന്യജീവികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിലാകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് മാനുഷികമുഖം ഉണ്ടാകണമെന്നും മൂന്ന് മാസത്തിലൊരിക്കല്‍ വനം-റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ വനമേഖലകളില്‍ 99.14 കിലോമീറ്ററില്‍ സോളാര്‍ ഫെന്‍സിംഗും 9.2 കിലോമീറ്ററില്‍ കിടങ്ങുകളും വനംവകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുതിയതായി കണ്ടെത്തിയ 42 പ്രശ്ന ബാധിതപ്രദേശങ്ങളില്‍ ഘട്ടംഘട്ടമായി ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജില്ലയില്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ലഭ്യമായ 290 അപേക്ഷകളില്‍ 243 അപേക്ഷകളിലും നടപടി സ്വീകരിച്ചതായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് 13 പേരുടെ പാനല്‍ നിലവിലുണ്ട്. ഇതുവരെ 127 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. വന്യജീവി സങ്കേതങ്ങളിലെ കോളനികളില്‍ 14.7 കിലോമീറ്ററില്‍ സോളാര്‍ ഫെന്‍സിംഗും 11.21 കിലോമീറ്ററില്‍ ട്രെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. പരുത്തിപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്പോന്‍സ് ടീമിന്റെ നേതൃത്വത്തില്‍ മൂവായിരത്തിലധികം മൃഗങ്ങളെയാണ് രക്ഷപ്പെടുത്തി കാട്ടിലേക്ക് തിരിച്ചയച്ചത്.
എ.ഡി.എം ഇ.മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന prdliveഅവലോകനയോഗത്തില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സതേണ്‍സര്‍ക്കിള്‍ (കൊല്ലം) സഞ്ജയന്‍ കുമാര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, ആര്‍.ഡി.ഒമാര്‍, വനം-റവന്യൂ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ തുടങ്ങിയവരും പങ്കെടുത്തു.