ഇടുക്കി: ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ‘ഉണര്‍വ്വ് 2021’ എന്ന പേരില്‍ അടിമാലിയില്‍ ഭിന്നശേഷി ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. സാമൂഹിക പുരോഗതിക്കായി ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്. അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിര്‍വ്വഹിച്ചു. ദിനാചരണ പരിപാടികള്‍ ഭിന്നശേഷി വിഭാഗക്കാരുടെ മുമ്പോട്ടുള്ള ജീവിതത്തില്‍ പ്രകാശം കൊളുത്തി വയ്ക്കുന്ന വിളക്കുകളാകണമെന്നും അങ്ങനെ സംഭവിച്ചാല്‍ മാത്രമെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്നും ജിജി കെ ഫിലിപ്പ് പറഞ്ഞു.
ഒരു കോടി രൂപയാണ്, ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ സ്‌കോളര്‍ഷിപ്പിനായി മാറ്റി വച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉള്ളതു പോലെ ഭിന്നശേഷിക്കാര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. അവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സഹതാപമല്ല ഭിന്നശേഷിക്കാരോട് താദാത്മ്യം പ്രാപിച്ച് നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടത്. ഭിന്നശേഷി സൗഹൃദമാക്കുവാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതുകൊണ്ട് മാത്രമാവില്ലെന്നും അവരോടൊപ്പം നിന്നുള്ള പെരുമാറ്റം കൂടി ഉണ്ടാവണമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷികുട്ടികള്‍ക്കായി ജില്ലാതലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബിനോയ് വി ജെ, ഡോ. റോസക്കുട്ടി എബ്രഹാം, ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.