തൃശൂര്‍ : കയ്പമംഗലം മണ്ഡലത്തിലെ കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ വേഗം തീർത്ത് വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം. മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തിലെയും വർദ്ധിച്ചു വരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ  അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീരദേശ മേഖലയിൽ ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യത്തിന് കുടിവെള്ളം പലയിടത്തും ലഭ്യമാകാത്ത വിഷയം യോഗം ചർച്ച ചെയ്തു. നിലവിൽ  വെള്ളയാനിൽ നിന്ന് വരുന്ന പ്രധാന പൈപ്പുകൾ പലയിടങ്ങളിലും പൊട്ടിക്കിടക്കുകയാണ്. ഈ പൈപ്പുകൾ എത്രയും വേഗത്തിൽ പണികൾ തീർത്ത് വെള്ളം കൂടുതൽ പമ്പ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉറപ്പ് വരുത്താനും ദീർഘകാല പദ്ധതികളുടെ വേഗം കൂട്ടുവാനും ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേംബറിൽ തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. നിലവിൽ വാട്ടർ കണക്ഷന് വേണ്ടി പണമടച്ച പഞ്ചായത്തുകളിലെ കണക്ഷൻ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാൻ നിർദ്ദേശം നൽകി.  പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും വാട്ടർ അതോറിറ്റി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഉദ്യോഗസ്ഥർക്ക്   എംഎൽഎ  നിർദ്ദേശം നൽകി.കൊടുങ്ങല്ലൂർ പി ഡബ്ലു ഡി  റസ്റ്റ് ഹൗസിൽ ചേർന്ന് യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മോഹനൻ, ടി കെ ചന്ദ്രബാബു, സീനത്ത് ബഷീർ, ബിന്ദു രാധാകൃഷ്ണൻ, ശോഭന രവി, വിനീത മോഹൻദാസ്, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർമാരായ  കെ ആർ വിജു മോഹൻ, ബെന്നി എ ഇ, വിവി പഞ്ചായത്ത് സെക്രട്ടറിമാർ, വാട്ടർ അതോറിറ്റി എ ഇമാർ തുടങ്ങിയവർ പങ്കെടുത്തു.